പത്തനംതിട്ട : സംസ്ഥാനത്ത് കഴിഞ്ഞ നാലു വർഷങ്ങളായി ശിവശങ്കരൻ ഭരണമാണ് നടന്നതെന്ന് ഇപ്പോൾ പുറത്തു വരുന്ന കെ ഫോൺ അഴിമതിയിലൂടെ ഒരിക്കൽ കൂടി വ്യക്തമാകുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരന്‍ പറഞ്ഞു. പാവപ്പെട്ടവർക്ക് സൗജന്യ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതി എന്ന് കൊട്ടിഘോഷിച്ച കെ ഫോൺ പദ്ധതിയുടെ കരാർ സർക്കാർ ബെൽ കൺസോർഷ്യത്തിന് നൽകിയത് ടെൻഡർ വിളിച്ചതിലും 49% കൂടിയ തുകക്കാണ്. ഇതില്‍ വന്‍ അഴിമതിയുണ്ടെന്നും ശൂരനാട് രാജശേഖരന്‍ ആരോപിച്ചു.
1028.20 കോടി രൂപയ്ക്ക് സർക്കാർ ടെൻഡർ വിളിച്ച പദ്ധതി 1531.68 കോടിക്ക് കരാർ നൽകിയത് ഐ ടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ ഇടപെട്ടാണ്. മന്ത്രിസഭാ തീരുമാനത്തിന് കാത്തുനിൽക്കാതെ കരാർ നടപടിയുമായി മുന്നോട്ട് പോകാൻ ശിവശങ്കരൻ നിർദേശം നൽകുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഈ അഴിമതിയുടെ ഭാഗമായിരിക്കുകയാണ്. ടെൻഡറിൽ കൂട്ടിയ 503.48 കോടി രൂപ ഒഴുകിയത് ആരുടെ പോക്കറ്റിലേക്കെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മന്ത്രിസഭാ തീരുമാനത്തിന് കാത്തുനിൽക്കാതെ കരാറിൽ ഒപ്പിട്ട് നടപടികളുമായി മുന്നോട്ട് പോകാൻ ശിവശങ്കരന് അധികാരം നൽകിയത് ആരെന്നും മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് പറയണം. കെ.ഫോണ്‍ എന്നാല്‍ കക്കാനൊരു ഫോണ്‍ പദ്ധതി എന്നാണെന്നും ഡോ. ശൂരനാട് രാജശേഖരന്‍ പറഞ്ഞു.