തിരുവനന്തപുരം: കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ-ഫോണ്‍) അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ഉത്തരവായി. ഇതോടെ കേരളത്തിന്‍റെ അഭിമാന പദ്ധതിക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചിരിക്കുകയാണ്. പദ്ധതിക്കുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് അധികം വൈകാതെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്റര്‍നെറ്റ് ഒരു ജനതയുടെ അവകാശമാണ് എന്ന പ്രഖ്യാപനമാണ് കെ ഫോണ്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ഔദ്യോഗിക രജിസ്ട്രേഷന്‍ പ്രകാരം കെ ഫോണിന് ഫൈബര്‍ ഒപ്റ്റിക് ലൈനുകള്‍ (ഡാര്‍ക്ക് ഫൈബര്‍), ഡക്‌ട് സ്പേസ്, ടവറുകള്‍, നെറ്റ്‌വര്‍ക്ക് ശൃംഖല, മറ്റവശ്യ സംവിധാനങ്ങള്‍ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിര്‍ത്താനും അറ്റകുറ്റപണികള്‍ നടത്താനും ഇവ ടെലികോം സര്‍വീസ് ലൈസന്‍സ് ഉള്ളവര്‍ക്ക് വാടകയ്‌ക്കോ ലീസിനോ നല്‍കുവാനും അല്ലെങ്കില്‍ വില്‍ക്കുവാനുമുള്ള അധികാരമുണ്ടാകും.