കുന്നന്താനം : വിശ്വാസപ്രമാണങ്ങളിലും ധാർമികതയിലും വിട്ടുവീഴ്ച ചെയ്യാതെ രാഷ്ട്രീയ പ്രവർത്തനം ഒരു വിശുദ്ധ കർമ്മം പോലെ അനുഷ്ഠിച്ച മാതൃകാ പുരുഷനായിരുന്നു യശശരീരനായ കെ. എം. ജോർജെന്നു കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. 65-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയാകാൻ പിന്തുണ അറിയിച്ചിട്ടും അവിശുദ്ധ കൂട്ടുകെട്ടിനില്ല എന്ന് പറഞ്ഞ് അത് നിരസിച്ച കെ.എം. ജോർജിനെ അധികാരത്തിനുവേണ്ടി എന്തും ചെയ്യാൻ മടികാണിക്കാത്ത വർത്തമാനകാലത്ത് ഒരു അത്ഭുതമായി മാത്രമേ നോക്കിക്കാണാനാവൂ. മതവും രാഷ്ട്രീയവും തമ്മിൽ ഒരു അനുരഞ്ജനം എന്ന് അദ്ദേഹത്തെ മറ്റുള്ളവർ വിശേഷിപ്പിച്ചത് അദ്ദേഹം വ്യക്തി വിശുദ്ധിയോടു കൂടി നയിച്ച ജീവിതത്തിനുള്ള അംഗീകാരമായിരുന്നുവെന്നും പുതുശ്ശേരി പറഞ്ഞു.
കെ. എം. ജോർജിന്റെ 47-മത് ചരമവാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് കുന്നന്താനം മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പുതുശ്ശേരി. മണ്ഡലം പ്രസിഡന്റ് എം.എം. റെജി അധ്യക്ഷത വഹിച്ചു. പാർട്ടി സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, ജില്ലാ പ്രസിഡന്റ് വർഗീസ് മാമൻ, ഡി. സി. സി.(ഐ)അംഗം സുരേഷ് ബാബു പാലാഴി, ജീവൻ ജ്യോതി ഡയറക്ടർ ഫാ. മൈക്കിൾ, വി. ജെ. റെജി, തോമസ് മാത്യു, ഫിലിപ്പ് ജോർജ്, ടോണി കുര്യൻ, ജേക്കബ് മനക്കൽ, ജെയിംസ് കാക്കനാട്ടിൽ, റ്റി. എം. മാത്യു, വർഗീസ് റ്റി. മാത്യു, രാജു പീടികപ്പറമ്പിൽ, ഉണ്ണികൃഷ്ണൻ നായർ, ജിബിൻ സക്കറിയ, എബി വർഗീസ് എന്നിവർ പ്രസംഗിച്ചു.