കോഴിക്കോട് : ഡി.സി.സി പട്ടികയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. അതിനിടെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ പിന്തുണച്ച് കെ.മുരളീധരന്‍ എം.പി രംഗത്തെത്തി. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമുള്‍പെടെ നേതാക്കള്‍ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നതിനിടെയാണ് മുരളീധരന്‍ നിലപാട് വ്യക്തമാക്കിയത്.
പട്ടികയുമായി ബന്ധപ്പെട്ട് വിശാലമായ ചര്‍ച്ചകള്‍ ഇത്തവണ ഉണ്ടായിട്ടുണ്ടെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. എം.പിമാരുമായും എം.എല്‍.എമാരുമായും മുന്‍ പ്രസിഡന്റുമാരുമായും ചര്‍ച്ച നടത്തി. മെച്ചപ്പെട്ട പട്ടികയാണ് പുറത്തുവന്നത്. എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെങ്കില്‍ കൂട്ടായി ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു.
സ്വാഭാവികമായും കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. അത്രയേ ഇപ്പോഴും ഉണ്ടായിട്ടുള്ളൂ. ഗ്രൂപ്പ് യോഗ്യതയും അയോഗ്യതയും അല്ല. ഞാന്‍ ഗ്രൂപ്പിന്റെ ഭാഗമായിട്ടില്ല. എല്ലാവര്‍ക്കും അതിന്റെതായ നിലപാടുകളുണ്ട്. യോഗ്യരായവരെയാണ് ഇപ്പോള്‍ നിയമിച്ചിട്ടുള്ളത്. പിന്നെ ചിലയിടത്ത് പ്രായം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ പ്രായം എന്ന് പറയുന്നത് അവരൊക്കെ സീനിയേഴ്സ് ആണ്. നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരാണ് മുരളീധരന്‍ ചൂണ്ടിക്കാട്ടി.
ഫലപ്രദമായ ചര്‍ച്ചകള്‍ കേരളത്തില്‍ നടന്നിട്ടില്ലെന്ന ആരോപണമാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉന്നയിക്കുന്നത്. ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കില്‍ ഇത്രയും മോശമായ ഒരു അന്തരീക്ഷമുണ്ടാകുന്നത് ഒഴിവാക്കാമായിരുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.