കോഴിക്കോട്: വന്ദേഭാരത് എക്സ്പ്രസിന് തലശേരിയിൽ സ്റ്റോപ്പ് വേണമെന്ന് കെ. മുരളീധരൻ എം.പി. ട്രെയിനിൽ പോസ്റ്റർ ഒട്ടിച്ച നടപടി ശരിയായില്ലെന്നും എം.പിക്ക് അതിൽ പങ്കില്ലെന്നും മുരളീധരൻ പറഞ്ഞു. വന്ദേഭാരതിന് ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് വേണം. വയനാട് റെയിൽവേ ലൈൻ ഇല്ലാത്തതിനാൽ തലശേരിയിൽ ഒരു സ്റ്റോപ്പ് വേണം. ഇക്കാര്യം ആവശ്യപ്പെട്ട് റെയിൽ മന്ത്രിക്ക് കത്ത് കൊടുക്കും. ഷൊർണൂരിൽ ട്രെയിനിൽ പോസ്റ്റർ ഒട്ടിച്ച രീതി ശരിയായില്ല. എം.പിയുടെ അനുമതിയില്ലാതെയാണ് അതൊക്കെ ചെയ്തത് എന്നാണ് മനസിലാക്കുന്നത്.
എം.പിക്ക് അതിൽ ഉത്തരവാദിത്തമില്ല. വി.കെ. ശ്രീകണ്ഠൻ കൂടി മുൻകൈയെടുത്തിട്ടാണ് ഷൊർണൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചതെന്നും കെ. മുരളീധരൻ പറഞ്ഞു.അതേസമയം, ഷൊർണൂരിൽ വന്ദേഭാരത് എക്സ്പ്രസിൽ വി.കെ. ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ആറ് പേരെ തിരിച്ചറിഞ്ഞു. ഇവർ കോൺഗ്രസ് പ്രവർത്തകരാണ്. ആരെയും അപമാനിക്കാൻ വേണ്ടിയല്ലെന്നും ആവേശം കൊണ്ട് ചെയ്തതാണെന്നുമാണ് പ്രവർത്തകരുടെ വിശദീകരണം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പോസ്റ്റർ ഒട്ടിച്ച മുഴുവനാളുകളെയും കണ്ടെത്താനാണ് ആർ.പി.എഫ് നീക്കം.