ദില്ലി : നവകേരള സദസ്സുമായി ബന്ധപ്പെട്ട് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മര്‍ദ്ദനമേറ്റ സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരൻ എംപി. സംസ്ഥാന നേതാക്കൾ വിഷയത്തിൽ നടത്തുന്ന പ്രസ്താവനയിലെ മൂർച്ച ആക്ഷനിൽ കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം ജീവൻരക്ഷാ പ്രവർത്തനം യൂത്ത് കോൺഗ്രസ് പ്രവർത്തകരും നടത്തണമെന്നും പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും പറഞ്ഞു. സംസ്ഥാന സര്‍ക്കാരും ഗവർണറും തമ്മിൽ നടക്കുന്ന പോര് ഈനാംപേച്ചിയാണോ മരപ്പട്ടിയാണോ നല്ലതെന്നത് പോലെയാണ്.
ഗവർണർ നാമനിർദ്ദേശം ചെയ്ത പേരുകളിൽ കോൺഗ്രസുകാർ ഉണ്ടെന്ന ആരോപണം തെറ്റാണ്. കോൺഗ്രസ് ആരെയും സെനറ്റിലേക്ക് നിർദേശിച്ചിട്ടില്ല. സേവ് യൂണിവേഴ്സിറ്റി ഫോറം കൊടുത്ത പേരുകളിൽ കോൺഗ്രസുകാർ ഉണ്ടായേക്കാം. സംഘികളുടെ പേരുകൾ ആര് കൊടുത്തു എന്നതിന് ഗവർണർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സർവകലാശാലകളിൽ കാവിവത്കരണവും മാർക്സിസ്റ്റ്‌വത്കരണവും പാടില്ലെന്ന് വടകര എംപി പറഞ്ഞു. നാമനിർദ്ദേശത്തിന് പൊതുമാനദണ്ഡം കൊണ്ടുവരണം. ഗവർണർക്കെതിരെ ആദ്യം രംഗത്തെത്തിയത് കോൺഗ്രസാണ്. സിപിഎം ഈ നിലപാടിലേക്ക് എത്തിയത് പിന്നീടാണെന്നും കെ മുരളീധരൻ പറഞ്ഞു.