നേമം: എണ്‍പത് വയസ് കഴിഞ്ഞവരുടെ പോസ്റ്റല്‍ വോട്ടുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നുള്ള ഹര്‍ജിയുമായി കോടതിയെ സമീപിച്ച് കെ മുരളീധരന്‍ അടക്കമുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. നേമത്ത് മത്സരിക്കുന്ന കെ മുരളീധരനോടൊപ്പം വാമനപുരത്തെ സ്ഥാനാര്‍ത്ഥി ആനാട് ജയന്‍, വൈപ്പിനില്‍ മത്സരിക്കുന്ന ദീപക് ജോയ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
എണ്‍പത് വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റല്‍ വോട്ടില്‍ തിരിമറി നടക്കാന്‍ സാധ്യത കൂടുതലാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ഹര്‍ജിയില്‍ പറയുന്നത്. ഇത്തരത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ വലിയ രീതിയില്‍ വരുന്നുണ്ട്. അതിനാല്‍ ഈ വോട്ടുകളില്‍ കൃത്രിമം നടക്കാനുള്ള സാദ്ധ്യത കൂടുതലാണ്.
ഇങ്ങനെ സംഭവിച്ചാല്‍ അത് വിജയം നിര്‍ണയിക്കുന്നതില്‍ സ്വാധീനം ചെലുത്തുമെന്നും സ്ഥാനാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ ഒഴിവാക്കാന്‍ പോസ്റ്റല്‍ വിവി പാറ്റ് മെഷീനുകള്‍ പ്രത്യേകം സൂക്ഷിക്കണമെന്നും സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ഹര്‍ജിയില്‍ പറയുന്നു. നാളെയാണ് കോടതി ഹര്‍ജി പരിഗണിക്കുക. എണ്‍പത് വയസിനു മുകളിലുള്ളവരുടെ പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.