തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ബഹിഷ്‌കരിച്ച് കെ മുരളീധരന്‍. യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് കെ മുരളീധരന്‍ അറിയിച്ചു. രാഷ്ട്രീയകാര്യസമിതിക്ക് മുന്നോടിയായി കെ സുധാകരന്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ കെ മുരളീധരന്‍ ഉള്‍പ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ മുതിര്‍ന്ന നേതാക്കള്‍ പ്രത്യേകം യോഗം ചേര്‍ന്നതിലെ അതൃപ്തിയാണ് ബഹിഷ്‌കരണത്തിന് പിന്നിലെന്നാണു സൂചന.
കോണ്‍ഗ്രസ് പുനഃസംഘടന ചര്‍ച്ച ചെയ്യാന്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം തുടരുകയാണ്. എല്ലാ ഡിസിസികളും പുനഃസംഘടിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സമിതിയില്‍ ആവശ്യപ്പെട്ടു. പുനഃസംഘടനയില്‍ ജംബോകമിറ്റി വേണ്ട എന്നതില്‍ നേതാക്കള്‍ക്കിടയില്‍ ധാരണയായിരുന്നു. രാഷ്ട്രീയകാര്യ സമിതിയില്‍ ആയിരിക്കും അംഗങ്ങളുടെ എണ്ണം തീരുമാനിക്കുക.
ബുധനാഴ്ച ചേരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ പുനഃസംഘടനയാണ് പ്രധാന അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന തീരുമാനം ഉണ്ടാകുമെന്നും വി ഡി സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.