കൊച്ചി: പാലക്കാട്ടെ ജയം ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. ബിജെപിയെ കോൺഗ്രസ് നിലംപരിശാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ജനരോഷം ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചെന്നും കെ. സുധാകരൻ പറഞ്ഞു. പാലക്കാട് ബിജെപി തോറ്റതിൽ സിപിഎം കടുത്ത നിരാശയിലാണ്. ബിജെപിയുടെ അജണ്ടകളാണ് സിപിഎം നടപ്പാക്കാൻ ശ്രമിച്ചത്. അതിനുള്ള തിരിച്ചടി ഉപതിരഞ്ഞെടുപ്പിൽ കിട്ടിയിട്ടും പാഠം പഠിക്കാൻ സിപിഎം തയ്യാറാകുന്നില്ല. തീവ്ര കമ്യൂണിസ്റ്റുകളുടെയും വോട്ടുകൾ വയനാടും പാലക്കാടും ചേലക്കരയിലും യുഡിഎഫിന് കിട്ടി. അത് സൂചിപ്പിക്കുന്നത് പിണറായി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ വ്യാപ്തിയാണ്. ചേലക്കരയിലെ പരാജയ കാരണം പരിശോധിക്കും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് സിപിഎം കൈവശം വെയ്ക്കുന്ന മണ്ഡലമാണ് ചേലക്കര.
സിപി എമ്മിന് അവിടെ കഴിഞ്ഞ തവണ കിട്ടിയ 39400 ഭൂരിപക്ഷം 12201 ലേക്ക് താഴ്ത്താനായ കോൺഗ്രസിന് ഗോൾഡ് മെഡലാണ് തരണ്ടേത്. സിപിഎമ്മിന്റെ കോട്ടയിൽ അവരുടെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിഞ്ഞത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവർത്തനത്തിന്റെ വിജയമാണ്. രമ്യ ഹരിദാസ് മികച്ച സ്ഥാനാർത്ഥിയാണ്. അവരുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ആരും പരാതി പറഞ്ഞിട്ടില്ല. മറിച്ച് അഭിപ്രായമുണ്ടോയെന്ന് അറിയില്ല. സിപിഎമ്മിന്റെയും ബിജെപിയുടെയും വർഗീയ പ്രചരണങ്ങൾക്ക് ജനം നൽകിയ തിരിച്ചടി കൂടിയാണ് ജനവിധി. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും യുഡിഎഫിന് ലഭിച്ചു. പരാജയത്തിലെ ജാള്യതയാണ് സിപിഎം വർഗീയ ആരോപണം ഉന്നയിക്കുന്നത്. സർക്കാരിനോടും സിപിഎമ്മിനോടുമുള്ള ജനങ്ങളുടെ വെറുപ്പാണ് അവർക്ക് തിരിച്ചടിയായത്. അത് മനസിലാക്കാതെ വെറുതെ ആരോപണങ്ങൾ ഉന്നയിക്കുകയാണ്.
പി. സരിൻ കാണിച്ചത് വലിയ ചതിയാണെന്നും സ്ഥാനാർഥിത്വം കിട്ടിയില്ല എന്നുപറഞ്ഞ് തെരഞ്ഞെടുപ്പിന് മുമ്പ് മറുപക്ഷം ചാടുന്നയാളെ വിശ്വസിക്കാനോ കൂടെ നിർത്താനോ സാധിക്കില്ല. നിർണായക സമയത്ത് പാർട്ടിയെ വഞ്ചിച്ച വ്യക്തിയെ തിരികെവന്നാലും കോൺഗ്രസ് എടുക്കില്ലെന്നും കെ.സുധാകരൻ പറഞ്ഞു. സന്ദീപ് വാര്യരെക്കുറിച്ചും മനോഹരമായ വാക്കുപയോഗിച്ചയാളാണ് എ കെ ബാലൻ. സിപിഎമ്മിൽ പോയാൽ മിടുക്കനും തറവാടിത്തമുള്ളവനും ക്രിസ്റ്റൽ ക്ലിയറും എന്നാണ് പറഞ്ഞത്. കോൺഗ്രസിലേക്ക് വന്നപ്പോൾ എല്ലാം മാറി. അഭിപ്രായ സ്ഥിരതയെന്നത് രാഷ്ട്രീയ നേതാവിന്റെ ക്വാളിറ്റിയാണ്. വായിൽ തോന്നിയതും സമയത്ത് തോന്നിയതും വിളിച്ചുപറയുന്നവർ രാഷ്ട്രീയക്കാരനല്ല. അവൻ രാഷ്ട്രീയത്തിലെ ഭ്രാന്തവികാരത്തിന്റെ ഉടമസ്ഥനാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ തിരിച്ചും മറിച്ചും സംസാരിക്കുന്നതെന്നും കെ സുധാകരൻ ചോദിച്ചു.