തിരുവനന്തപുരം: കേരളത്തിലെ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്‌നാട്. തിരുവനന്തപുരത്തെത്തിയ തമിഴ്‌നാട് ഐ.ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കെ ഫോണ്‍ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിഞ്ഞു. തമിഴ്‌നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് തമിഴ്‌നാട് കെ ഫോണിന്റെ മാതൃക നടപ്പിലാക്കുന്നത്. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനു കേരളത്തിന്റെ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.
ആത്മാര്‍ത്ഥ സഹകരണത്തോടെ ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിയ്ക്കുമായി ഒരുമിച്ചു മുന്നോട്ടു പോകുമെന്ന് പരസ്പരം ഉറപ്പു നല്‍കുകയും ചെയ്തായി മുഖ്യമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയില്‍ തമിഴ്‌നാട് ഐ.ടി സെക്രട്ടറി ജെ. കുമാരഗുരുബരന്‍, ടാന്‍ഫിനെറ്റ് കോര്‍പ്പറേഷന്‍ എം.ഡി എ ജോണ്‍ ലൂയിസ്, ഐ.ടി സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, കെ ഫോണ്‍ എം.ഡി ഡോ. സന്തോഷ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.