തിരുവനന്തപുരം: ഒരിടവേളയ്‌ക്ക് ശേഷം കെ റെയില്‍ പ്രതിഷേധം സംസ്ഥാനത്ത് വീണ്ടും കടുക്കുന്നു. പോലീസ് പിന്തുണയോടെ ഇന്നും കെ റെയില്‍ സര്‍വെ കല്ലിടല്‍ തുടരുമെന്നാണ് കെ റെയില്‍ അധികൃതര്‍ അറിയിച്ചത്. കണ്ണൂരില്‍ ചാല മുതല്‍ തലശേരി വരെ കല്ലിടല്‍ ബാക്കിയുണ്ട്. ഇവിടങ്ങളിലാകും ഇന്ന് സര്‍വെ. അതേസമയം ഏത്‌വിധത്തിലും സര്‍വെയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥരെ തടയുമെന്നാണ് പ്രതിഷേധിക്കുന്ന നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരടങ്ങുന്ന പ്രതിപക്ഷ പാര്‍ട്ടികളും പറയുന്നത്.
ഇന്നലെ കണ്ണൂരില്‍ നാട്ടിയ കെ റെയില്‍ കുറ്റികള്‍ നിമിഷങ്ങള്‍ക്കകം തന്നെ പ്രതിഷേധക്കാര്‍ പിഴുതുനീക്കി. തലസ്ഥാന നഗരത്തിലും ശക്തമായ പ്രതിഷേധമാണ് കെ റെയില്‍ സര്‍വെയ്‌ക്കെതിരെ ഉണ്ടായത്. കഴക്കൂട്ടം കരിച്ചാറയില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ശക്തമായ പ്രതിഷേധമാണ് സ്ഥലത്ത് നടക്കുന്നത്. നാട്ടുകാര്‍ക്കൊപ്പം പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് നടപടിയില്‍ ചിലര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരമറിഞ്ഞ് കൂടുതല്‍ പ്രതിഷേധക്കാര്‍ സ്ഥലത്തെത്തി. ഉന്തിനും തളളിനും ഇടയില്‍ പ്രതിഷേധക്കാരെ പോലീസ് ചവിട്ടി വീഴ്ത്തി. ഇതില്‍ ഒരാള്‍ നിലത്ത് കിടന്നുകൊണ്ട് പ്രതിഷേധിച്ചു. ഒരു പ്രകോപനവുമില്ലാതെ പോലീസ് അടിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടല്‍ നിര്‍ത്തിവെച്ചു. സര്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തുനിന്നും മടങ്ങി. ഒരു മാസമായി നിര്‍ത്തിവച്ച കല്ലിടല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചതിനു പിന്നാലെയാണ് പുനരാരംഭിച്ചത് എന്നത് ശ്രദ്ധേയമാണ്.