തൃശൂർ : രാത്രിയുടെ മറവിൽ ജില്ലയിൽ രണ്ടിടങ്ങളിലെ വീട്ടുപറമ്പുകളിൽ കെ റെയിലിന്റെ സർവേ കല്ല് സ്ഥാപിച്ചതിൽ ദുരൂഹതയെന്ന് വിലയിരുത്തൽ. കെ റെയിൽ കമ്പനിയുടെ ജീവനക്കാർ കഴിഞ്ഞ ദിവസം രാത്രിയിലാണ് കൂർക്കഞ്ചേരി സോമിൽ റോഡ് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലും പൂങ്കുന്നം കുട്ടംകുളങ്ങര അമ്പലം റോഡിലെ പറമ്പിലും സർവേ കല്ലുകൾ സ്ഥാപിച്ചത്. എന്നാൽ റവന്യൂ അധികൃതരുടെ സാന്നിധ്യമില്ലാതെയായിരുന്നു നടപടി.
പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും സാമൂഹിക ആഘാത പഠന റിപ്പോർട്ടും തയാറാക്കാനെന്ന പേരിലാണ് ഈ നടപടി. ഈ പഠനം നടത്തിക്കഴിഞ്ഞ ശേഷമേ ഭൂമി ഏറ്റെടുക്കൽ ഉത്തരവ് ഇറക്കാൻ കഴിയൂ. ഇതിനുള്ള ഉത്തരവ് ലാൻഡ് റവന്യൂ കമ്മീഷണറാണ് ഇറക്കേണ്ടത്. അങ്ങനെ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടുമില്ല. എന്നാൽ പഠനത്തിനാണെങ്കിൽ ഇത്തരം നടപടിയുടെ ആവശ്യമില്ലെന്നും ജനങ്ങളിൽ ആശങ്ക സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിക്ക് മുതിരുന്നതെന്നാണ് കെ റെയിൽ സമരസമിതി പ്രവർത്തകരുടെ ആരോപണം.
നേരത്തേ തിരുവനന്തപുരം, കണ്ണൂർ, എറണാകുളം ജില്ലകളിൽ കല്ലിടുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനാലാണ് രാത്രിയിൽ കല്ലിട്ടതെന്നാണ് ആരോപണം. നോട്ടീസോ നടപടിക്രമങ്ങളോ പാലിക്കാതെയാണ് കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്കെത്തി ഏകപക്ഷീയമായി കെ റെയിലിന്റെ സർവേകല്ലുകൾ സ്ഥാപിച്ചതെന്ന് വീട്ടുടമസ്ഥൻ ഋഷി മൂത്തേടത്ത് പറഞ്ഞു. പിഴുതു മാറ്റിയാൽ നടപടി നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. അന്നേദിവസം മൂന്നുമണിയോടെ ഒരു സംഘമെത്തി കെ റെയിൽ പോകുന്ന സ്ഥലമാണെന്ന് ഇവരെ ധരിപ്പിച്ചിരുന്നത്രെ. പൂങ്കുന്നം കുട്ടംകുളങ്ങര ക്ഷേത്രം വഴിയിൽ ആൾപാർപ്പില്ലാത്ത സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് ഏഴ് സർവേ കല്ലുകൾ സ്ഥാപിക്കപ്പെട്ടത്.
പരിസ്ഥിതി ആഘാത പഠനത്തിന് 14 മാസവും സാമൂഹിക ആഘാത പഠനത്തിന് മൂന്നുമാസ സമയവും കാണിച്ചാണ് കെ റെയിൽ ടെൻഡർ വിളിച്ചിരുന്നത്. ഈ നടപടിക്രമം പൂർത്തിയാകും മുമ്പേ വിശദ പഠന രേഖയും ഫീസിലബിലിറ്റി സ്റ്റഡി റിപ്പോർട്ടും ഫീൽഡ് സ്റ്റഡി റിപ്പോർട്ടും നടത്തി ഫീൽഡ് മാപ്പ് പുറത്തുവിട്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കാതെ മേൽപറഞ്ഞ നടപടികളുമായി മുന്നോട്ടുപോകുന്നത് ചട്ടവിരുദ്ധമാണെന്ന് സമരസമിതി കുറ്റപ്പെടുത്തുന്നു.