ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ പട്ടയ മിഷനിലൂടെ രണ്ടു വര്‍ഷം കൊണ്ട് ഭൂരഹിതരായ 1,23,000 പേര്‍ക്ക് ഭൂമി നല്‍കിയെന്ന് റവന്യു മന്ത്രി കെ.രാജന്‍. 1295 കോളനികളിലായി 19,000 പേര്‍ക്ക് ഭൂമി നല്‍കാനായെന്നും തഴക്കര, വെട്ടിയാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു. സവിശേഷ തണ്ടപ്പേര്‍ സംവിധാനം നടപ്പിലാക്കിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ഭൂമിയില്ലാത്ത ഒരാള്‍ പോലും ഉണ്ടാവരുതെന്നതാണ് സര്‍ക്കാര്‍ നയം. അനധികൃതമായി ഭൂമി കൈവശം വെക്കുന്നവരില്‍ നിന്നും പിടിച്ചെടുത്ത് അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കും. നെല്‍വയല്‍, തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് വില്ലേജ് ഓഫീസുകളെയാണ്. വില്ലജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആകുമ്പോള്‍ സേവനങ്ങളും സ്മാര്‍ട്ട് ആക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്. ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം ഉണ്ടാക്കാന്‍ ഇ-സാക്ഷരത പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഹരിതാ വി. കുമാര്‍, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ്, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം ആതിര, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷീല രവീന്ദ്രനുണ്ണിത്താന്‍, ഷീല ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മനു ഫിലിപ്പ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ്. അനിരുദ്ധന്‍, സുനില്‍ വെട്ടിയാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന വിശ്വകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗോകുല്‍ രംഗന്‍, സുജാത, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എസ്. സന്തോഷ് കുമാര്‍, ചെങ്ങന്നൂര്‍ ആര്‍. ഡി. ഒ എസ്. സുമ, തഹസില്‍ദാര്‍ ജി.വിനോദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.