ചിറ്റയം ഗോപകുമാര്‍
ആശാ പ്രവര്‍ത്തകര്‍ക്കു കൊറോണ പ്രവര്‍ത്തനത്തിനു പ്രത്യേക ആനുകൂല്യം നല്‍കണമെന്നു ചിറ്റയം ഗോപകുമാര്‍ എം എല്‍ എ പറഞ്ഞു. കളക്ടറേറ്റില്‍ മന്ത്രി കെ.രാജു നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. അടൂരില്‍ കുടിവെള്ള പ്രശ്നം കൂടുതലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇടപെട്ട് എത്രയുംവേഗത്തില്‍ അവ പരിഹരിക്കണം. അതിഥി തൊഴിലാളികള്‍ പന്തളത്ത് കൂട്ടമായി താമസിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഇടപെട്ട് ഇവരെ മാറ്റിപാര്‍പ്പിക്കുകയും കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. കോവിഡ് കാലത്ത് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേകസഹായം ചെയ്യുവാന്‍ കഴിയുമോ എന്ന് പരിശോധിക്കണം. മണിലെന്‍ഡ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ (സ്വര്‍ണപ്പണയ സ്ഥാപനങ്ങള്‍) തുറന്ന് പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കണം. ഇതര സംസ്ഥാനത്തു താമസിക്കുന്ന വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം, ഗര്‍ഭിണികള്‍ അടക്കമുള്ള മറ്റു രോഗികളെ സംസ്ഥാനത്തിനു പുറത്തുള്ളവരെ ചികിത്സയ്ക്കായി കേരളത്തില്‍ എത്തിക്കന്നതിന് അനുമതി ഉണ്ടാകണം. മറ്റു ജില്ലകളില്‍ നിന്ന് ജില്ലയില്‍ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് താമസ സൗകര്യം മൊരുക്കണമെന്നും എം.എല്‍.എ പറഞ്ഞു.
മാത്യു ടി തോമസ്
കൊയ്ത്ത് മെഷീനുകള്‍ ജില്ലയിലെ കൊയ്ത്ത് കഴിയുന്നതുവരെ പുറത്തുകൊണ്ടു പോകാതിരിക്കാനുള്ള കര്‍ശനനടപടി സ്വീകരിക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിമാര്‍ കമ്യൂണിറ്റി കിച്ചണിനായി പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിക്കുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. ഡി.ഡി.പി അത് പരിശോധിക്കണം. അതിഥി തൊഴിലാളികള്‍ കമ്യൂണിറ്റി കിച്ചണിലും ഭക്ഷണത്തിനായി വരുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തിരുവല്ലയില്‍ അവശ്യസാധനങ്ങളുടെ കിറ്റുകള്‍ പാക്ക് ചെയ്യാന്‍ വേണ്ടത്ര വാളണ്ടിയേഴ്സിനെ നിയമിക്കണമെന്നും എം.എല്‍.എ പറഞ്ഞു.
രാജു എബ്രഹാം എംഎല്‍എ
കാര്‍ഷികവൃത്തിക്കുള്ള അനുമതിക്കൊപ്പം യന്ത്രങ്ങള്‍ ഉപയോഗിക്കാനും ജില്ലയ്ക്ക് അനുമതി നല്‍കണമെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. ഇതരസംസ്ഥാനങ്ങളിലുള്ള ധാരാളം കുട്ടികള്‍ കേരളത്തിലേക്കു വരണമെന്നാവശ്യപ്പെട്ട് വിളിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണം. നോര്‍ക്കാ റൂട്ട്സ് വിദേശത്തുള്ള ജില്ലയിലുള്ളവരെ കൂടുതലായി സഹായിക്കണം. വടശേരിക്കരയില്‍ സാമൂഹിക അടുക്കള നിര്‍ത്തിയതായി വാര്‍ത്ത കണ്ടു. ഇതിന്റെ വിശദീകരണം പഞ്ചായത്ത് സെക്രട്ടറി നല്‍കണമെന്നും എംഎല്‍എ പറഞ്ഞു.
വീണാ ജോര്‍ജ് എം.എല്‍.എ
ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഇന്‍സുലിന്റെ കുറവ് പരിഹരിക്കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ജില്ലാ കാന്‍സര്‍ സെന്ററുകളില്‍ ആര്‍.സി.സി നിര്‍ദ്ദേശിച്ച മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ധാരാളം ആളുകള്‍ ബോര്‍ഡറില്‍ കുരുങ്ങിക്കിടപ്പുണ്ട്. ഇങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് പ്രത്യേക സുരക്ഷ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കിറ്റ് വിതരണം വേഗത്തിലാക്കണമെന്നും എംഎല്‍എ പറഞ്ഞു.