കൊച്ചി : ആലപ്പുഴയിൽ വെച്ച് വാർത്താ സമ്മേളനത്തിൽ അസഭ്യം പ്രയോഗം നടത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മാധ്യമ പ്രവർത്തകരോട് ‘മര്യാദകേട്’ കാണിക്കരുത് എന്നാണ് പറഞ്ഞത്. ‘മര്യാദകേട്’ എന്ന വാക്ക് വളച്ചൊടിച്ചാണ് തന്നെ ആക്ഷേപിക്കുന്നത്. പ്രചരിക്കുന്ന ആ വാക്ക് ജീവിതത്തിൽ എവിടെയും താൻ ഉപയോഗിച്ചിട്ടില്ലെന്നും വ്യാജപ്രചരണം ഏറെ വേദനിപ്പിച്ചുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും താനുമായി ഒരു തർക്കവുമില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
കെ. സുധാകരൻ പ്രതിപക്ഷ നേതാവിനെതിരെ അസഭ്യ പ്രയോഗം നടത്തിയെന്ന പ്രചരണം വലിയ വിവാദമായിരുന്നു. ഹൈക്കമാൻഡ് പോലും തർക്കത്തിൽ ഇടപെട്ട് ഇരുവരുമായി ചർച്ച നടത്തി. സമരാഗ്നിയുടെ ഭാഗമായി ഇന്ന് പത്തനംതിട്ടയിൽ തീരുമാനിച്ച സംയുക്ത വാർത്ത സമ്മേളനം റദ്ദാക്കിയതും സതീശൻ സുധാകരൻ തർക്കത്തിന്‍റെ ഭാഗമെന്ന ആരോപണം ഉയർന്നു. എറണാകുളത്ത് നിന്ന് പ്രതിപക്ഷ നേതാവ് എത്താൻ വൈകിയത് കാരണമാണ് വാർത്ത സമ്മേളനം ഉപേക്ഷിച്ചതെന്നാണ് കോൺഗ്രസ് വിശദീകരണം. എന്തായാലും അസഭ്യ പ്രയോഗത്തിൽ കെ. സുധാകരൻ വിശദീകരണവുമായി എത്തിയെങ്കിലും സൈബർ ഇടങ്ങളിൽ അടക്കം കോൺഗ്രസിനെ വിവാദം വിടാതെ പിന്തുടരുകയാണ്.