കൊച്ചി : ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരേ സാമൂഹിക മാധ്യമങ്ങളിൽ പരോക്ഷമായി കമന്റടിച്ചതിനു പിന്നാലെ വക്താവ് സ്ഥാനം നഷ്ടമായ പി.ആർ ശിവശങ്കരനെ പാർട്ടിയുടെ സംസ്ഥാന സമിതിയിൽനിന്നും ഒഴിവാക്കി. തെരഞ്ഞെടുപ്പിൽ വലിയ പരാജയം ഏറ്റുവാങ്ങിയിട്ടും സ്ഥാനത്ത് തുടരുന്ന സുരേന്ദ്രനെ ലക്ഷ്യമാക്കി കമന്റിട്ടതിനെ തുടർന്ന് ശിവശങ്കരനെ അറിയിക്കുക പോലും ചെയ്യാതെ വക്താവ് സ്ഥാനത്തുനിന്ന് നീക്കി നേതൃത്വം ചാനലുകൾക്ക് കത്തയയ്ക്കുകയായിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ ശിവശങ്കരനെ സംസ്ഥാന സമിതിയിൽനിന്നും ഒഴിവാക്കിയിരിക്കുന്നത്.
താൻ ഇത് മൂന്നാം തവണയാണ് സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുന്നതെന്ന് ശിവശങ്കരൻ ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചു. ഇനി എനിക്കില്ലാത്ത കുറ്റം ഉണ്ടാവില്ല. ഈ ഫെയ്സ്ബുക്ക് പോസ്റ്റ് കൂടി കാണുമ്പോൾ സജീവാംഗത്വം കൂടി പോകുമായിരിക്കുമെന്നും ശിവശങ്കരൻ പറയുന്നു. താൻ പാർട്ടി വിട്ടുപോകുകയാണെന്നൊന്നും കരുതേണ്ട. സജീവാംഗത്വം കിട്ടാത്തതിന് കാസർകോട്ടെ കൃഷ്ണനാഥ പൈയെപ്പോലെ വിഷമിച്ചു മരിക്കാനും എന്നെക്കിട്ടില്ല. കാലണ മെംബർ ആയാണെങ്കിലും പാർട്ടിയിൽത്തന്നെ കാണും. ഒരു കേന്ദ്രസർക്കാർ ഡയറക്ടർ പോസ്റ്റും വേണ്ട. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിച്ചില്ലെങ്കിലും സംഘടനാ ഉത്തരവാദിത്വം കിട്ടിയില്ലെങ്കിലും നാട്ടിലെ ഏത് നീതികേടിനെയും അപചയങ്ങളെയും പറ്റാവുന്ന വിധത്തിൽ സാധിക്കാവുന്ന ശക്തിയിൽ മരിക്കുവോളം ചോദ്യം ചെയ്യുമെന്നും ശിവശങ്കരൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.