തിരുവനന്തപുരം: തന്നെ സി.പി.എം ആറു തവണയെങ്കിലും കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ഓരോ തവണയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതു സംബന്ധിച്ച കേസുകളിലെ സാക്ഷികളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതുമൂലം ഒറ്റ കേസിലും പ്രതികളെ ശിക്ഷിച്ചില്ല. തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയവര്‍ ഇന്ന് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉന്നതസ്ഥാനങ്ങളിലിരുന്ന് ഇപ്പോഴും ഗൂഢാലോചന തുടരുന്നു. പയ്യന്നൂര്‍, താഴെ ചൊവ്വ, മേലെ ചൊവ്വ, മട്ടന്നൂര്‍, പേരാവൂര്‍, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്നത് നേരിട്ടുള്ള വധശ്രമങ്ങളായിരുന്നു. നിരവധി വധശ്രമങ്ങള്‍ താന്‍ അറിയാതെ നടന്നിട്ടുണ്ട്. പോയ വഴിയെ തിരിച്ചുവരാതിരുന്നും കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയും കാര്‍ മാറിക്കയറിയുമൊക്കെയാണ് രക്ഷപ്പെത്. 1992ല്‍ താന്‍ ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് വധശ്രമ പരമ്പരകള്‍ ഉണ്ടായത്. സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലും സി.പി.എമ്മിലെ ചിലരുടെ രഹസ്യ സഹായവും ദൈവാനുഗ്രഹവും സഹായിച്ചിട്ടുണ്ടെന്നു സുധാകരന്‍ പറഞ്ഞു.
സി.പി.എം തയാറാക്കിയ നിരവധി വധശ്രമങ്ങള്‍ പല കാരണങ്ങളാല്‍ നടക്കാതെപോയതിനെക്കുറിച്ച് പിന്നീട് താന്‍ കേട്ടിട്ടുണ്ട്. സി.പി.എം എത്ര ശ്രമിച്ചാലും തന്നെ കൊല്ലാനാകില്ല. ദൈവം വിച്ചാരിച്ചാലേ അതു നടക്കൂ എന്ന് ദൈവവിശ്വാസിയായ താന്‍ വിശ്വസിക്കുന്നു. ജീവന്‍ കൊടുക്കാന്‍ തയാറായി തന്നെ സംരക്ഷിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി താന്‍ ജീവന്‍ കൊടുത്തും പോരാടുമെന്ന് സുധാകരന്‍ പറഞ്ഞു.