തിരുവനന്തപുരം : കേരള പോലീസിനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ലോക്ക്ഡൗണ്‍ നിയന്ത്രങ്ങള്‍ ലംഘിക്കുന്നുവെന്നാരോപിച്ച് പോലീസ് പിഴ ചുമത്തുന്നതിനെതിരെയാണ് കെ.സുധാകരന്‍ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. തെറിപറഞ്ഞ് അപമാനിച്ചും ഭീഷണിപ്പെടുത്തിയും ഭീമമായ തുക ഫൈന്‍ അടിച്ചും പോലീസ് കാട്ടുന്നത് പിടിച്ചുപറിയും അക്രമവുമാണെന്ന് കെ.സുധാകരന്‍ പറഞ്ഞു.
വാക്‌സിന്‍ എടുത്തു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവരെ കടകളില്‍ പോലും പ്രവേശിപ്പിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പോലീസിന് വീണ്ടും ജനങ്ങളുടെ മേല്‍ കുതിര കയറാനുള്ള ലൈസന്‍സ് ആണെന്ന് അദ്ദേഹം പറഞ്ഞു.
കെ.സുധാകരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
പോലീസ് അതിക്രമങ്ങളെ ന്യായീകരിക്കലല്ല പോലീസ് മന്ത്രിയുടെ ഏക ജോലി എന്ന് പിണറായി വിജയന്‍ മനസിലാക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാണ് പോലീസ് മന്ത്രി.
ചെറുകിട വ്യാപാരികളും തൊഴിലാളികളും കച്ചവടക്കാരും റോഡിലിറങ്ങുന്നത് അവര്‍ക്ക് ജീവിക്കാനുള്ള വക കണ്ടെത്താനാണ്. വീട്ടിലെ കുഞ്ഞു മക്കള്‍ക്ക് ഭക്ഷണവും വസ്ത്രവും വാങ്ങാനാണ്. ഏതെങ്കിലും ഒരു പെട്ടിക്കടക്കാരന്‍ രാത്രി വൈകിയും ഉറങ്ങാതെ കട തുറന്ന് വെച്ച് ഇരിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇളവ് നല്‍കാന്‍ തയ്യാറാവാത്ത ലോണിന്റെ പലിശ തിരിച്ചടയ്ക്കാനോ വീട്ടിലേക്ക് ഒരു നേരത്തെ ആഹാരം വാങ്ങാനോ, വീട്ടു വാടക കൊടുക്കാനൊ, പ്രായമായ അച്ഛനമ്മമാര്‍ക്ക് മരുന്ന് വാങ്ങാനോ ഒക്കെ ആണെന്ന് മനസിലാക്കണം.
അവരെ ഭീഷണിപ്പെടുത്തിയും തെറി പറഞ്ഞ് അപമാനിച്ചും ഭീമമായ തുക ഫൈന്‍ അടിച്ചും പോലീസ് കാട്ടുന്നത് പിടിച്ചുപറിയും അക്രമവുമാണ്. വാക്‌സിന്‍ എടുത്തു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവരെ കടകളില്‍ പോലും പ്രവേശിപ്പിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പോലീസിന് വീണ്ടും ജനങ്ങളുടെ മേല്‍ കുതിര കയറാനുള്ള ലൈസന്‍സ് ആണ്.
സ്വന്തക്കാര്‍ക്ക് പിന്‍വാതില്‍ വഴി വാക്‌സീന്‍ തിരിമറി നടത്തി കൊടുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ നീക്കം. സര്‍ക്കാരിന്റെ കഴിവ് കേട് കൊണ്ട് വാക്‌സീന്‍ ഇനിയും ലഭിക്കാത്തവരുടെ സ്വാതന്ത്യം പോലും ഹനിക്കുന്നത് ഭരണഘടനാ ലംഘനവും ജനാധിപത്യ വിരുദ്ധവുമാണ്.
പാര്‍ട്ടിക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും വാക്‌സിനും തൊഴില്‍ നിയമനവും മറ്റാനുകൂല്യങ്ങളും പിന്‍വാതില്‍ വഴി നല്‍കുകയും ബാക്കിയുള്ളവരുടെ സഞ്ചാര സ്വാതന്ത്യം പോലും തടഞ്ഞ് അവരെ ആത്മഹത്യയിലേക്ക് തള്ളി വിടുകയും ജീവിക്കാന്‍ വേണ്ടി പോരാടുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്യുന്നത് ഒരു ജനാധിപത്യത്തിന് മരണവാറണ്ട് എഴുതുന്നതിന് തുല്യമാണ്.
കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ പരാജയം മറച്ചു പിടിക്കാന്‍ ജനങ്ങള്‍ക്ക് നേരെ പോലീസിനെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുന്ന പരിപാടി തുടര്‍ന്നാല്‍ കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കും.