ന്യുഡല്‍ഹി: ഡോളര്‍ കടത്തില്‍ ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രി പ്രതി ആകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കളങ്കിതനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന് അദ്ദഹം ആവശ്യപ്പെട്ടു. സ്വപ്‌നയുമായി പിണറായി വിജയന് അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും കെ. സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
ആരോപണ വിധേയരായ ആളുകള്‍ പദവിയില്‍ തുടരുന്നത് നീതിയുക്തമല്ലന്ന് സോളാര്‍ കേസില്‍ പറഞ്ഞ വ്യക്തിയാണ് പിണറായി വിജയന്‍. ‘മുഖ്യമന്ത്രിയുടെ നീതിബോധത്തോട് ഞാന്‍ ചോദിക്കുന്നു, രാജിവെക്കാന്‍ തയ്യാറുണ്ടോ ? താങ്കളിന്ന് കളങ്കിതനാണ്, താങ്കളുടെ നീതിശാസ്ത്രമനുസരിച്ച് അധികാരത്തില്‍ തുടരാന്‍ താങ്കള്‍ക്ക് സാധിക്കുമോ”?- കെ. സുധാകരന്‍ ചോദിച്ചു.
കേരള സര്‍ക്കാരിനെതിരേ അന്വേഷണം ആരംഭിച്ച കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നിര്‍ത്തിയതില്‍ ബിജെപി മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്തിനാണ് പിണറായി വിജയന്‍ സര്‍ക്കാരിനെ സംരക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം മരവിപ്പിച്ചതെന്ന് ബിജെപി മറുപടി പറയണം – അദ്ദേഹം ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് ഹൈക്കോടതിയാണ് സ്റ്റേ പുറപ്പെടുവിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.
കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വി.കെ. മോഹനന്‍ അധ്യക്ഷനായാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. മുഖ്യമന്ത്രി അധികാര ദുരുപയോഗം നടത്തിയാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു കമ്മീഷനെ നിയമിച്ചതെന്നും ഇഡി കോടതിയില്‍ വാദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിര്‍ കക്ഷിയാക്കിയാണ് ഇഡി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനോടും സന്ദീപ് നായരോടും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാന്‍ ഇഡി നിര്‍ബന്ധിക്കുന്നു എന്ന മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്. ഇഡിക്ക് ഇത്തരത്തിലൊരു ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ വാദം.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്തുവന്നിരുന്നു. ഡോളര്‍ കടത്ത് കേസില്‍ ആറു പ്രതികള്‍ക്ക് കസ്റ്റംസ് അയച്ച ഷോക്കോസ് നോട്ടീസിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന മൊഴിയുള്ളത്. 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ അഹമ്മദ് അല്‍ദൗഖി എന്ന യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്രജ്ഞന്‍ വഴിയാണ് വിദേശ കറന്‍സി കടത്തിയതെന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയത്.
യുഎഇയിലായിരുന്ന മുഖ്യമന്ത്രിക്ക് അല്‍ദൗഖി കറന്‍സി എത്തിച്ചു നല്‍കി. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം സരിത്ത് ആണ് കറന്‍സി വാങ്ങി അല്‍ദൗഖിക്ക് കൈമാറിയത്. പൊതുഭരണ വകുപ്പിലെ ഹരികൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നാണ് മുഖ്യമന്ത്രിക്കുള്ള പാക്കറ്റ് വാങ്ങിയതെന്ന് സരിത്ത് മൊഴി നല്‍കി. പാക്കറ്റില്‍ ഒരു ബണ്ടില്‍ കറന്‍സി ഉണ്ടെന്ന് എക്‌സ് റേ സ്‌കാനിംഗില്‍ കണ്ടെത്തിയെന്നും ഇടപാടിന് ആയിരം ഡോളര്‍ ടിപ്പ് കോണ്‍സുലേറ്റ് ജനറല്‍ തനിക്ക് നല്‍കിയെന്നും സരിത്ത് വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിക്ക് പാക്കറ്റ് കൈമാറിയത് എം. ശിവശങ്കര്‍ സ്ഥിരീകരിച്ചു. കൈമാറിയത് യു.എ.ഇ പ്രതിനിധികള്‍ക്കുള്ള സമ്മാനമായിരുന്നു എന്നാണ് ശിവശങ്കറിന്റെ വിശദീകരണം. കൃത്യ സമയത്ത് സമ്മാനം എത്തിച്ചു എന്നല്ലാതെ ആര് മുഖേന എത്തിച്ചു എന്ന് തനിക്കറിയില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.