തിരുവനന്തപുരം: കക്കുകളി നാടക വിവാദത്തില്‍ ക്രൈസ്തവ സഭകളെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തിന്റെ മുന്നേറ്റങ്ങളില്‍ നിസ്തുലമായ പങ്കുവഹിച്ചവരാണ് ക്രിസ്ത്യന്‍ സമൂഹം. ‘കക്കുകളി’ നാടകം ആശങ്കാജനമാണ്. സന്യാസ സമൂഹത്തെ അനുവാചകരുടെ ഹൃദയങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ‘കക്കുകളി’ എന്ന നാടകം ഇറങ്ങിയിരിക്കുന്നത്. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ കാട്ടുതീ പോലെ പടരുന്ന കാലമാണിതെന്ന് നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മനസിലാക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പുരോഹിത വര്‍ഗ്ഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയില്‍ സൃഷ്ടികള്‍ ഉണ്ടാകുമ്പോള്‍ സമൂഹത്തില്‍ വിദ്വേഷം വര്‍ദ്ധിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് പുല്ലുവില. സര്‍ക്കാര്‍ തന്നെ നാടകം പ്രചരിപ്പിക്കാന്‍ ഇറങ്ങുന്നത് അപകടകരമായ പ്രവണതയാണ്. മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം പിടിക്കാന്‍ നടക്കുന്ന സിപിഐഎമ്മും ബിജെപിയും നാടകം മുതലെടുക്കും. ഇക്കാര്യം അണിയറ പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം കക്കുകളി നാടകത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യവുമായി കെസിബിസിയും രംഗത്ത് എത്തി. ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന കക്കുകളി നാടകത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.