തിരുവനന്തപുരം: കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റായി ഇന്നു ചുമതലയേല്‍ക്കും. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും. പിന്നീട് ഡല്‍ഹിക്ക് പോകും. കെപിസിസി പുനഃസംഘടനയും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ഡല്‍ഹിയില്‍ നിന്ന് തിരികെ വന്നതിനു ശേഷമാകും പുനഃസംഘടനയില്‍ അന്തിമ തീരുമാനം ഉണ്ടാവുക. സുധാകരന്റെ സ്ഥാനമേല്‍ക്കലിനെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസുകാര്‍ കാണുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ എന്നാണ് അറിയിപ്പെങ്കിലും അണികളുടെ ആവേശം ഇന്ദിരാഭവനില്‍ നിറയും. രാവിലെ 11നും 11.30നും ഇടയ്ക്കാണ് ചടങ്ങ്.
പേട്ടയിലെ വസതിയില്‍നിന്ന് 9.30ന് പുറപ്പെടുന്ന സുധാകരന്‍ 10 നു കിഴക്കേകോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തും. 10.15ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷം കെപിസിസി ആസ്ഥാനത്തെത്തും. സേവാദള്‍ വൊളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം പാര്‍ട്ടി പതാക ഉയര്‍ത്തും. ചുമതല ഏറ്റെടുത്ത ശേഷം 11.30ന് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലെ സമ്മേളനത്തില്‍ പ്രസംഗിക്കും. വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി.സിദ്ദിഖ് എന്നിവരും സുധാകരനൊപ്പം സ്ഥാനമേല്‍ക്കും. ഗ്രൂപ്പുകളും സുധാകരന്റെ സ്ഥാനാരോഹണത്തിന് എതിര്‍പ്പുകള്‍ മാറ്റി വെച്ച് എത്തും.
സ്ഥാനം ഏറ്റെടുത്ത ശേഷം അതിവേഗം പുനഃസംഘടനാ ചര്‍ച്ചകളിലേക്ക് കടക്കും. തിരുവനന്തപുരത്തെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് എന്നിവരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കു പരിഭവമുണ്ട്. ഈ പരിഭവം മാറ്റിയ ശേഷമാകും സുധാകരന്റെ ഇടപെടലുകള്‍.
സ്ഥാനമേറ്റ ശേഷം വൈകാതെ സുധാകരന്‍ ഡല്‍ഹിക്കു തിരിക്കും. കെപിസിസി, ഡിസിസി പുനഃസംഘടന സംബന്ധിച്ചു തന്റെ നിര്‍ദേശങ്ങള്‍ക്ക് എഐസിസി നേതൃത്വത്തിന്റെ അനുവാദം വാങ്ങിയ ശേഷം ഇവിടെ രാഷ്ട്രീയകാര്യസമിതിയില്‍ അവതരിപ്പിച്ച് അംഗീകാരം തേടി മുന്നോട്ടു പോകാനാണ് സുധാകരന്‍ ഉദ്ദേശിക്കുന്നത്. ഡിസിസി പുനഃസംഘടനയ്ക്കായി അഞ്ചംഗ സമിതിയെ നിയോഗിക്കും. കെപിസിസി ഭാരവാഹി നിയമനവും സ്‌ക്രീനിങ് കമ്മിറ്റിക്ക് വിടും. ജംബോ കമ്മറ്റികള്‍ ഉണ്ടാകില്ല. ഗ്രൂപ്പ് അടിസ്ഥാനത്തിലെ വീതം വെയ്‌പ്പും അനുവദിക്കില്ല.
കെ.സുധാകരന്‍ തെരഞ്ഞെടുത്തത് നേരത്തേ രമേശ് ചെന്നിത്തലയും വി എം. സുധീരനും കെപിസിസി പ്രസിഡന്റായി ഉപയോഗിച്ച ഓഫിസ്. 3 വര്‍ഷത്തോളമായി ഈ മുറി ഒഴിഞ്ഞു കിടക്കുകയായിരുന്നു. പഴയ മന്ദിരത്തിന്റെ ഭാഗമായുള്ള പ്രസിഡന്റുമാരുടെ ഓഫിസാണ് മുല്ലപ്പള്ളി തെരഞ്ഞെടുത്തത്. കെ.മുരളീധരന്‍ പ്രസിഡന്റായപ്പോള്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലാണ് പിന്നീടു വന്ന പ്രസിഡന്റുമാരുടെ ഓഫിസ് എങ്കിലും മുല്ലപ്പള്ളി അവിടേക്കു പോയില്ല. എന്നാല്‍ സുധാകരന്‍ പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റും.
ഈ മാസം എട്ടിനാണ് കെപിസിസി പ്രസിഡന്റിനെയും വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡ് ഇത്തരവ് വന്നത്. പിന്നാലെ നേതാക്കള്‍ക്ക് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമായിരുന്നു. ശനിയാഴ്ച മുതല്‍ സ്വന്തം തട്ടകമായ കണ്ണൂരിലടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും ഘടക കക്ഷി നേതാക്കളെയും നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങുന്ന തിരക്കിലായിരുന്നു സുധാകരന്‍. പാര്‍ട്ടിക്കു വേണ്ടി ജീവന്‍ ത്യജിച്ച രക്തസാക്ഷി കുടീരങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രാ മധ്യേ, അങ്കമാലി വെടിവെയ്പില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ സ്മാരകങ്ങളിലും പുഷ്പാര്‍ച്ചന നടത്തിയിരുന്നു.
മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വയലാര്‍ രവി, വി.ഡി. സതീശന്‍, കെ.സി. വേണുഗാപാല്‍, തെന്നല ബാലകൃഷ്ണപിള്ള, വി എം. സുധീരന്‍, സി.വി പത്മരാജന്‍, പ്രൊഫ. കെ.വി. തോമസ്, കെ. മുരളീധരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി ഈ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ എംപി ചുമതലയേല്‍ക്കുന്നത്.