കണ്ണൂര്‍: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പോക്‌സോ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉയര്‍ത്തിയ ആരോപണം പൂര്‍ണമായും തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മനസാ വാച തനിക്ക് പോക്‌സോ കേസുമായി ഒരു ബന്ധവുമില്ലെന്നും ആരോപണത്തിന് പിറകില്‍ സിപിഎം ആണെന്നും കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
താനവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും പറഞ്ഞിട്ടില്ല. ഇര നല്‍കാത്ത മൊഴി സിപിഎമ്മിനെങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം. ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. 164 രഹസ്യമൊഴിയാണ് പെണ്‍കുട്ടി നല്‍കിയത്. അതെങ്ങനെ സിപിഎമ്മിന് ലഭ്യമായെന്നതില്‍ വ്യക്തത വരുത്തണമെന്നും സുധാകരന്‍ പറഞ്ഞു. മോന്‍സന്‍ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് സുധാകരനെന്നാണ് ഗോവിന്ദന്‍ ആരോപിച്ചത്. താന്‍ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടിട്ടില്ലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.