പത്തനംതിട്ട : വൈദികനെതിരെയുള്ള പോലീസ് നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെയുള്ള പ്രതിഷേധത്തിനിടെയാണ് വൈദികനെതിരെയുള്ള പോലീസ് നടപടി ഉണ്ടായത്. പുരോഹിതന്മാരോട് പോലും കരുണ കാണിക്കാത്ത പിണറായി വിജയന്റെ പോലീസ് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ സിഐയുടെ നേതൃത്വത്തില്‍ കെ – റെയില്‍ വികസനത്തിന്റെ പേരില്‍ ഭൂമിയും വീടും നഷ്ടപ്പെടുന്ന ക്രൈസ്തവ സഭാ വൈദികനുള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് ചെങ്ങന്നൂര്‍ മുളക്കുഴയില്‍ ആക്രമണം നടന്നതെന്നത് അത്ഭുതപ്പെടുത്തുകയാണ്.
ഫാസിസ്റ്റ് തലവന്റെ തിട്ടൂരം നടപ്പാക്കാന്‍ കൂലിപ്പണിയെടുക്കുന്ന പിണറായി വിജയന്റെ പോലീസ് ക്രിസ്ത്യന്‍ വൈദികനെ ആക്രമിക്കുന്നതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം നരനായാട്ടുകള്‍ക്കെതിരെ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ മാത്രമല്ല പ്രതിഷേധിക്കേണ്ടത്, ജാതിമത വ്യത്യാസമില്ലാതെ പൊതു സമൂഹം ഒന്നടങ്കമാണെന്നും വികസനത്തിന്റെ പേരും പറഞ്ഞ് ഒരു ജനതയെ കൊല്ലാക്കൊല ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം മുഴുവന്‍ പോലീസിന്റെയും ഭരണകൂടത്തിന്റെയും മനുഷ്യ വേട്ട അരങ്ങേറുകയാണെന്നും അദ്ദേഹം പറഞ്ഞു.