തിരുവനന്തപുരം : സ്വാതന്ത്രദിന സന്ദേശത്തിൽ രാഷ്ട്രീയം പറഞ്ഞ് നേതാക്കൾ. ഇന്നലെ വരെ സ്വാതന്ത്ര്യ ദിനത്തില്‍ കരിദിനമാചരിച്ച കമ്യൂണിസ്റ്റുകാരുടെ മാറ്റം സന്തോഷിപ്പിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു. സ്വാതന്ത്യസമര ചരിത്രത്തില്‍ ബിജെപിയെ എങ്ങും കാണാന്‍ കഴിയില്ലെന്നും ഇന്നലെ വരെ സ്വാതന്ത്ര്യം ആഘോഷിക്കാത്ത കമ്യൂണിസ്റ്റുകാരുടെ മാറ്റത്തില്‍ സന്തോഷമെന്നും കെപിസിസി ഒാഫീസില്‍ പതാക ഉയര്‍ത്തിയ ശേഷം കെ സുധാകരന്‍ പറഞ്ഞു.
ആര്‍എസ്എസുകാര്‍ ബ്രിട്ടീഷുകാരുടെ പാദസേവകരാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പ്രതികരിച്ചു. ഇടതുമുന്നണിയുടെ സ്വാതന്ത്ര്യദിനാഘോഷം നായനാര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തായിരുന്നു ഇ പി ജയരാജന്‍റെ വിമര്‍ശനം. തെക്കന്‍ കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒാഫീസുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്.
നിയമസഭയില്‍ സ്പീക്കര്‍ എം ബി രാജേഷ് പതാകയുയര്‍ത്തി. എ കെ ജി സെന്‍ററില്‍ മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍ പിളളയും എം എന്‍ സ്മാരകത്തില്‍ കാനം രാജേന്ദ്രനും പതാകയുയര്‍ത്തി. കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ മന്ത്രി ജെ ചിഞ്ചുറാണിയും പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജും പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. പത്തനംതിട്ടയില്‍ ആദ്യം പതാക ഉയര്‍ത്തിയപ്പോള്‍ പിഴവുണ്ടായതിനേത്തുടര്‍ന്ന് താഴ്ത്തി വീണ്ടുമുയര്‍ത്തുകയായിരുന്നു. പോലീസ് ആസ്ഥാനത്ത് ഡി ജി പി അനില്‍ കാന്ത് പതാകയുയര്‍ത്തി.