കണ്ണൂര്‍ : കോണ്‍ഗ്രസില്‍ ഇനി ജംബോ കമ്മറ്റികള്‍ ഉണ്ടാകില്ല. കെപിസിസിയുടെ ആകെ ഭാരവാഹികള്‍ 25ല്‍ ഒതുക്കും. വൈസ് പ്രസിഡന്റുമാരുണ്ടാവുകയുമില്ല. വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്ക് കൂടുതല്‍ ചുമതല നല്‍കും. അങ്ങനെ കോണ്‍ഗ്രസിനെ അടിമുടി അഴിച്ചു പണിയും. ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തിലും ഗ്രൂപ്പ് പരിഗണനകള്‍ക്ക് മുന്‍തൂക്കം നല്‍കില്ല. ഡിസിസിയിലും ജംബോ കമ്മറ്റികള്‍ ഉണ്ടാകില്ല. കേഡര്‍ സ്വഭാവത്തിലേക്ക് പാര്‍ട്ടിയെ കൊണ്ടു വരാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്.
പ്രതിപക്ഷനേതാവ്, കെപിസിസി. പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന നിയമനങ്ങളില്‍ ഹൈക്കമാന്‍ഡിനോട് അതൃപ്തിയുണ്ടെങ്കിലും സംസ്ഥാനത്ത് നടക്കുന്ന പുനഃസംഘടനയോട് സഹകരിക്കാനാണ് എ, ഐ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. സുധാകരന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാകും എല്ലാം നടക്കുക. മുതിര്‍ന്ന നേതാക്കളോട് അഭിപ്രായം തേടുമെങ്കിലും ഗ്രൂപ്പ് താല്‍പ്പര്യം പരിഗണിക്കില്ല. ജനകീയ മുഖങ്ങളെ കെപിസിസിയില്‍ പരമാവധി നിറയ്ക്കും.
കെപിസിസി., ഡി.സി.സി. ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന തത്വത്തോട് പാര്‍ട്ടിയില്‍ ആര്‍ക്കും വിയോജിപ്പില്ല. കെപിസിസി., ഡി.സി.സി. തലത്തില്‍ പരമാവധി 25 ഭാരവാഹികള്‍ വീതമെന്നതാണ് പൊതുവേ ഉയരുന്ന നിര്‍ദ്ദേശം. എത്ര കുറയുന്നുവോ അത്രയും നല്ലതെന്ന അഭിപ്രായവുമുണ്ട്. ഭാരവാഹികളുടെ എണ്ണം നിയന്ത്രിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏറെ ശ്രമിച്ചിരുന്നു. എന്നാല്‍ ഗ്രൂപ്പുകള്‍ അതിന് അനുവദിച്ചില്ല. ഇത് സുധാകരന്‍ അംഗീകരിക്കില്ല.
നിലവില്‍ പത്തിലധികം വൈസ് പ്രസിഡന്റുമാരും 50-ല്‍പരം ജനറല്‍ സെക്രട്ടറിമാരും നൂറിനടുത്ത് സെക്രട്ടറിമാരും കെപിസിസി ക്കുണ്ട്. വര്‍ക്കിങ് പ്രസിഡന്റുമാരുള്ളപ്പോള്‍ പിന്നെ വൈസ് പ്രസിഡന്റ് വേണോയെന്ന ചോദ്യവും സുധാകരന് മുന്നിലുണ്ട്. എല്ലാ ഡി.സി.സി. പ്രസിഡന്റുമാര്‍ക്കും മാറ്റം വരും. ആലപ്പുഴ, പാലക്കാട് ഡി.സി.സി. പ്രസിഡന്റുമാര്‍ സ്ഥാനമൊഴിഞ്ഞുകഴിഞ്ഞു. കൊല്ലം, ഇടുക്കി, വയനാട് ജില്ലകളില്‍ പ്രസിഡന്റുമാര്‍ രാജിസന്നദ്ധതയറിയിച്ചിരുന്നു.
ഇവയടക്കം എല്ലാ ഡി.സി.സി.കളിലും പുതിയ പ്രസിഡന്റുമാരെ കണ്ടെത്തും. തെരഞ്ഞെടുപ്പില്‍ തോറ്റ ചില സ്ഥാനാര്‍ത്ഥികള്‍ ഡി.സി.സി. അധ്യക്ഷന്മാരായി വന്നേക്കുമെന്ന് സൂചനയുണ്ട്. എംപി.മാര്‍, എംഎല്‍എ.മാര്‍ എന്നിവരും ഭാരവാഹികളായേക്കാം.