കണ്ണൂര്‍: കെപിസിസി അധ്യക്ഷനായി നിയമിതനായ ശേഷം കെ സുധാകരന്‍ ഇന്ന് ജന്മനാട്ടിലെത്തും. തിരുവനന്തപുരത്ത് തലസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായെല്ലാം കൂടിക്കാഴ്‌ച്ച നടത്തിയ ശേഷമാണ് സുധാകരന്‍ ഇന്ന് ഉച്ചയോടെ കണ്ണൂരില്‍ എത്തുന്നത്. സുധാകരന്‍ കണ്ണൂരില്‍ എത്തുമ്പോള്‍ ആവേശകരമായ സ്വീകരണം നല്‍കാനാണ് അണികള്‍ക്ക് താല്‍പ്പര്യമെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ തടസ്സമാകും എന്നതിനാല്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഉച്ചയ്ക്ക് 12.55 ന് കണ്ണുര്‍ വിമാനത്താവളത്തിലിറങ്ങുന്ന സുധാകരന്‍ യുത്ത് കോണ്‍ഗ്രസ് രക്ത സാക്ഷി എടയന്നൂര്‍ ശുഹൈബിന്റെ വീട് സന്ദര്‍ശിക്കും. ശേഷം കണ്ണുരിലെത്തുന്ന സുധാകരന് ജവഹര്‍ ലൈബ്രറി ഹാളില്‍ സ്വീകരണം നല്‍കും. കണ്ണൂര്‍ വിമാനത്താവളത്തിലും ലൈബ്രറി ഹാളിലും കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പ്രവര്‍ത്തകരും നേതാക്കളും സ്വയമേ വിട്ടു നില്‍ക്കണമെന്ന് ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി അറിയിച്ചു.
ഇതിനിടെ ജന്മനാട്ടിലെത്തുന്നതിന് മുമ്പ് കെ.സുധാകരനിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം പകര്‍ന്നിട്ടുണ്ട്. ശുഹൈബിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. നിങ്ങളുടെ വിയര്‍പ്പാണ്, നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ചിന്തയാണ് കണ്ണൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് അസ്തിത്വം പകര്‍ന്ന അടിസ്ഥാന ഘടകം – ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു കൊണ്ടാണ് നിയുക്ത കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
കഠിനമായ വിഷമസന്ധിയിലൂടെയാണ് പാര്‍ട്ടി കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും കോണ്‍ഗ്രസിന്റെ സാന്നിധ്യം അനിവാര്യമായ ചുറ്റുപാടില്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുന്നു എന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ഉറങ്ങാന്‍ സാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും എല്ലാവരും തോളോട് തോള്‍ ചേര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ രക്തസാക്ഷി കുടുംബങ്ങള്‍ സന്ദര്‍ശിച്ച ശേ,ം കെപിസിസി പ്രസിഡന്റായി കെ. സുധാകരന്‍ എംപി 16ന് രാവിലെ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുമെന്നാണ് ലഭിക്കുന്ന സൂചന. മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിയാലോചനകള്‍ക്കുശേഷമാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. 16ന് രാവിലെ 11ന് ഇന്ദിര ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്ന് സ്ഥാനം ഏറ്റെടുക്കും.
വ്യാഴാഴ്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സുധാകരന് പൂര്‍ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. വക്കം പുരുഷോമത്തന്‍, വി എം. സുധീരന്‍ എന്നിവരെ വീടുകളിലെത്തി സന്ദര്‍ശിച്ചിരുന്നു. ഹൈക്കമാന്‍ഡ് തീരുമാനങ്ങളില്‍ അതൃപ്ത്തിയുള്ള നേതാക്കളെ അനുനയിപ്പിച്ചശേഷം ചുമതല ഏറ്റെടുക്കാം എന്ന നിലപാടിലായിരുന്നു സുധാകരന്‍. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളുമായി പലവട്ടം സുധാകരന്‍ കൂടിക്കാഴ്ച നടത്തി കഴിഞ്ഞു. സ്വന്തം തട്ടകമായ കണ്ണൂരിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയശേഷം അടുത്തയാഴ്ച ആവും ഇനി കെ സുധാകരന്‍ ചുമതലയേല്‍ക്കാന്‍ ഇന്ദിരാഭവനില്‍ എത്തുക.
കെ സുധാകരന് പൂര്‍ണപിന്തുണ ഗ്രൂപ്പ് നേതാക്കള്‍ പ്രഖ്യാപിച്ചെങ്കിലും, പാര്‍ട്ടി പുനഃസംഘടനാ നടപടിക്രമങ്ങള്‍ ആരംഭിച്ചാല്‍ സാഹചര്യങ്ങള്‍ മാറിയേക്കാം. ജംബോ കമ്മറ്റികള്‍ വെട്ടിച്ചുരുക്കി ഉള്ള പുനഃസംഘടനയാണ് പുതിയ അധ്യക്ഷന്റെ ലക്ഷ്യം. കെപിസിസി ഭാരവാഹി പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്നത് പല പ്രമുഖ ഗ്രൂപ്പ് നേതാക്കളായിരിക്കും. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പുലര്‍ത്തുന്ന മൗനത്തില്‍ ഇരുവരുടെയും ഗ്രൂപ്പുകളില്‍ നിലവില്‍ തന്നെ അതൃപ്തിയുണ്ട്. പുനഃസംഘടനയോടെ ഇത് ശക്തിപ്പെട്ടേക്കാം. ഇതു മുന്നില്‍ കണ്ടു കൊണ്ടാണ് കെ സുധാകരന്‍ പ്രധാന നേതാക്കളെ അനുനയിപ്പിക്കാന്‍ സജീവ ശ്രദ്ധ കൊടുക്കുന്നത്.
കരുണാകരന്‍ -ആന്റണി കാലം മുതല്‍ എ,ഐ ഗ്രൂപ്പുകളിലായി ചുറ്റി തിരിഞ്ഞിരുന്ന കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം പുതിയ വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. ഗ്രൂപ്പ് നേതൃത്വങ്ങളെ പിണക്കി ഹൈക്കമാന്‍ഡ് അസാധാരണ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നില്‍ കെ സി വേണുഗോപാല്‍ ആണെന്നാണ് പരക്കെ കോണ്‍ഗ്രസ് കേന്ദ്രങ്ങളിലെ സംസാരം. കെസി വേണുഗോപാലിന്റെ ഈ പ്രത്യേക താല്പര്യത്തിനു പിന്നില്‍ അദ്ദേഹത്തിന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാനുള്ള താല്‍പര്യം ആണത്രേ. കെ സുധാകരന്‍ പാര്‍ട്ടിയെയും വിഡി സതീശന്‍ നിയമസഭാ കക്ഷിയെയും നയിക്കുമ്ബോള്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സ്വാഭാവികമായി അപ്രസക്തമാകും എന്നാണ് ഇരു ഗ്രൂപ്പുകളിലെയും മാനേജര്‍മാര്‍ ഭയക്കുന്നത്. ഫലത്തില്‍ പുതിയതായി രൂപപ്പെടുന്ന നേതാക്കളുടെ ത്രയത്തെ ഏറെ സംശയത്തോടെയാണ് ഗ്രൂപ്പുകള്‍ വീക്ഷിക്കുന്നത്.