തിരുവനന്തപുരം : സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ കൈക്കൂലി കേസും മകന്‍ കെ എസ് ഹരികൃഷ്ണന്റെ അനധികൃത നിയമനവും ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കി. സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതില്‍ അസംതൃപ്തരാണ് നേതൃത്വവും അണികളും.
അടുത്ത ദിവസങ്ങളില്‍ ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയടക്കം നേതാക്കള്‍ കേരളത്തില്‍ വിവിധ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. സുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന ബിജെപി നാള്‍ക്കുനാള്‍ പിന്നോട്ടടിക്കുന്നെന്ന ദേശീയ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍ ശക്തമായിരിക്കെയാണ് അഴിമതികളുടെ തെളിവുകള്‍ പുറത്തുവരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ മത്സരിച്ച സി കെ ജാനുവിന് സുരേന്ദ്രന്‍ കോഴ നല്‍കിയ കേസിലെ തെളിവുകള്‍ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. പരാതിക്കാരിയായ പ്രസീത അഴീക്കോട്ട് പണം കൈമാറ്റം സംബന്ധിച്ച് പുറത്തുവിട്ട ശബ്ദസന്ദേശം തന്‍റെതല്ലെന്ന സുരേന്ദ്രന്‍റെ വാദം പൊളിഞ്ഞു. തെരഞ്ഞെടുപ്പ് അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടി നേരിടേണ്ടി വരും.
സുരേന്ദ്രന്‍റെ മകന്‍ കെ എസ് ഹരികൃഷ്ണന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയി (ആര്‍ജിസിബി)ല്‍ ടെക്നിക്കല്‍ ഒഫീസറായി അനധികൃത നിയമനം നല്‍കിയത് സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. റാങ്ക് പട്ടിക പുറത്തുവിടാതിരുന്നതും ഏറ്റവും മികച്ച നിലവാരം പുലര്‍ത്തിയവര്‍ പുറത്തായതുമടക്കമുള്ള തെളിവുകള്‍ സഹിതം ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു.
കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ഈ സ്ഥാപനത്തില്‍ മൂന്ന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുകയും 48 പേരെ പരീക്ഷയ്ക്ക് തെരഞ്ഞെടുക്കുകയുമുണ്ടായി. ബിടെക്കില്‍ 60 ശതമാനം മാര്‍ക്കായിരുന്നു യോഗ്യത. മൂന്നു പരീക്ഷയും ഷോര്‍ട്ട് ലിസ്റ്റും അഭിമുഖവുമടക്കം എല്ലാ നടപടിയും രണ്ടു ദിവസംകൊണ്ട് പൂര്‍ത്തിയാക്കി അര്‍ഹതയില്ലാത്ത ഹരികൃഷ്ണനെ നിയമിച്ചു. ന്യൂഡല്‍ഹിയിലേക്ക് പരിശീലനത്തിനായും അയച്ചു. അപ്പോഴാണ് മറ്റ് ഉദ്യോഗാര്‍ഥികള്‍ ക്രമക്കേട് അറിഞ്ഞതും ചൂണ്ടിക്കാട്ടിയതും.