തിരുവനന്തപുരം : നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്ത സംഭവത്തില്‍ മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഒന്നടങ്കം രാജിവെയ്ക്കണമെന്ന ആവശ്യവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജലീലിനെതിരെ കേസെടുത്താലും രാജിവെയ്‌ക്കേണ്ടെന്ന സി.പി.എം നിലപാട് ജനാധിപത്യ വിരുദ്ധമാണ്. ജലീല്‍ രാജിവെച്ചാല്‍ മന്ത്രിസഭയിലെ പലരും രാജിവെയ്‌ക്കേണ്ടിവരുമെന്ന ഭയമാണ് സര്‍ക്കാരിനെ വേട്ടയാടുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കാനുള്ള രക്ഷാകവചം ഒരുക്കി ഇനിയും മുഖ്യമന്ത്രിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിയെ രാജ്യദ്രോഹ, സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ എന്‍.ഐ.എ ചോദ്യം ചെയ്യുകയാണ്. ഇത് ആദ്യത്തെ സംഭവമാണ്. അതീവ ഗൗരവമായ ഈ കേസില്‍ ഗുരുതരമായ കുറ്റങ്ങളാണ് ജലീല്‍ നേരിടുന്നത്. ഈന്തപ്പഴത്തിന്റെയും ഖുറാന്റെയും മറവില്‍ സ്വര്‍ണക്കള്ളക്കടത്തുകാരെ സഹായിച്ചുവെന്നതാണ് പ്രധാന ആരോപണം.
ഈ ആരോപണം ശരിയായ നിലയില്‍ പരിശോധിച്ച് വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടിട്ടാണ് അന്വേഷണം. പത്രവാര്‍ത്തകളുടെയോ രാഷ്ട്രീയ ആരോപണങ്ങളുടെയോ അടിസ്ഥാനത്തില്‍ എന്‍.ഐ.എ ആരെയും ചോദ്യം ചെയ്യില്ല. വ്യക്തമായ തെളിവുകള്‍ അവര്‍ക്ക് ലഭിക്കുമ്പോഴാണ് ചോദ്യം ചെയ്യല്‍. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തപ്പോള്‍ തന്റെ നിരപരാധിത്വം തെളിയിച്ചുവെന്ന കള്ളവാര്‍ത്തയാണ് സില്‍ബന്തികള്‍ വഴി പുറത്തുവിട്ടത്. എന്നാല്‍ ക്ലീന്‍ ചിറ്റ് ഇല്ലെന്ന് ഇ.ഡി വ്യക്തമാക്കിയതോടെയാണ് എന്‍.ഐ.എ ചോദ്യം ചെയ്യല്‍.
ജലീല്‍ ഇനിയും ആ മന്ത്രിസ്ഥാനത്ത് ഇരിക്കുന്നത് അന്വേഷണത്തിന് ഉചിതമായിരിക്കില്ല. കേസന്വേഷണത്തെ ഏതുവിധത്തിലും സ്വാധീനിക്കാന്‍ കഴിയുന്നയാള്‍ ഇനിയും അധികാരത്തിലിരിക്കുന്നത് ഹിതകരമല്ല. ജലീല്‍ നേരിടുന്നത് നിസാരമായ കുറ്റമല്ല. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിലെ മുഖ്യപ്രതികളായ സ്വപ്‌നയും മറ്റുള്ളവരുമായി ജലീല്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഫോണ്‍കോള്‍ വിശദാംശങ്ങളും മറ്റ് ഡിജിറ്റല്‍ തെളിവുകളും ഇവര്‍ക്ക് വര്‍ഷങ്ങളായി ബന്ധമുണ്ടെന്ന വ്യക്തമാക്കുന്നു.
ജലീലിന്റെ അധികാരവും സ്വാധീനവും ഈ കള്ളക്കടത്ത് സംഘം ദുരുപയോഗിച്ചു. ഖുറാന്‍ കടത്തിയതുമായി ബന്ധപ്പെട്ട് ജലീല്‍ പറഞ്ഞതെല്ലാം പൊള്ളയാണെന്ന് തുറന്നുകാട്ടപ്പെട്ടു. സ്വര്‍ണക്കള്ളക്കടത്ത് സംഘം നയതന്ത്ര ചാനല്‍ വഴി പല വസ്തുക്കളുടെയും മറവില്‍ സ്വര്‍ണം കടത്തിയെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നാത്ത വിധത്തിലുള്ള സാധനങ്ങളുടെ മറവിലാണ് കള്ളക്കടത്ത്. അതിനു ജലീല്‍ അറിഞ്ഞുകൊണ്ട് കൂട്ടുനിന്നതാണോ എന്നതാണ് ഗൗരവമുള്ള ചോദ്യം.
ഇ.ഡി ചോദ്യം ചെയ്തപ്പോള്‍ കേരളത്തിലേക്ക് ഒഴുകിവന്ന വിദേശസഹായം ഏതൊക്കെ ഏജന്‍സികളിലേക്കും ആളുകളിലേക്കുമാണ് പോയതെന്നാണ് പരിശോധിക്കുന്നത്. റെഡ്ക്രസന്റ് വഴി ലൈഫ് മിഷനിലേക്ക് വന്ന വിദേശസഹായവും അതില്‍ നടന്ന ഭീമമായ അഴിമതിയും എല്ലാ വസ്തുതകളുമായി പുറത്തുവന്നിരിക്കുകയാണ്. 20 കോടിയുടെ ധനസഹായം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇതുപോലെ ഏതൊക്കെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വിദേശസഹായം വന്നുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്. വിദേശ സഹായങ്ങള്‍ക്കെല്ലാം വന്‍ തുകയാണ് കമ്മീഷന്‍ കൈപ്പറ്റിയിരിക്കുന്നത്. അതില്‍ ഒരു ഭാഗം ഒരു മന്ത്രിയുടെ മകനിലേക്ക് പോയിരിക്കുന്നതും അന്വേഷണ പരിധിയിലാണ്.
ജനാധിപത്യ മൂല്യം അനുസരിച്ച്, നാടിന്റെ പാരമ്പര്യം അനുസരിച്ച് ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ജലീലിനെതിരെ കേസെടുത്താലും അറസ്റ്റു ചെയ്താലും രാജിവയ്പിക്കില്ലെന്ന് പാര്‍ട്ടിയുടെ നേതാക്കള്‍ പറയുന്നത്. വിചിത്രമായ നിലപാടാണിത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് സി.പി.എമ്മും നേതൃത്വവും സര്‍ക്കാരും. കേസിന്റെ പേരില്‍ ജലീല്‍ രാജിവെയ്‌ക്കേണ്ടിവന്നാല്‍ മന്ത്രിസഭയിലെ പല അംഗങ്ങളും രാജിവയ്‌ക്കേണ്ടിവരും എന്ന തിരിച്ചറിവാണ് ഈ പ്രതിരോധത്തിനു പിന്നില്‍. ജലീല്‍ മാത്രമല്ല, പല മന്ത്രിമാര്‍ക്കും സ്വപ്‌നയും മറ്റ് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ട്. ഒരുമിച്ച് വിദേശ യാത്ര ചെയ്ത മന്ത്രിമാര്‍ വരെയുണ്ട്.
മുഖ്യമന്ത്രിയിലേക്കു തന്നെ അന്വേഷണം നീളുമെന്ന ഭയമാണ് സിപിഎമ്മിനേയും സര്‍ക്കാരിനേയും വേട്ടയാടുന്നത്. ഈ സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ല. അതിനാല്‍ സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെ സംശയത്തിന്റെ നിഴലിലായിരിക്കുന്നു. എല്ലാ കുറ്റവാളികള്‍ക്കും സംരക്ഷണം നല്‍കുന്ന കവചമായി മുഖ്യമന്ത്രിമാറി. കുറ്റവാളികളെ സംരക്ഷിക്കുന്ന ഓഫീസ് ആയി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തു സംഘത്തിന്റെ കൂത്തരങ്ങായി മാറി. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും അപമാനം വരുത്തിവച്ച സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ രാജിവെച്ച് സമഗ്രമായ അന്വേഷണം നേരിടാന്‍ തയ്യാറാകണം. അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് തെളിവുകള്‍ നശിപ്പിക്കാനാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.