കൊച്ചി : സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും പങ്കാളിത്തം കൂടുതല്‍ തെളിഞ്ഞ് വരികയാണെന്ന് കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം ഈ കള്ളക്കടത്ത് സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ആത്മഹത്യക്ക് ശ്രമിച്ച യുഎഇ അറ്റാഷെയുടെ ഗണ്‍മാന്റെ നിയമനത്തില്‍ ദുരൂഹതയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപിത താത്പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ അവിടെ നിയോഗിച്ചിട്ടുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുരേന്ദ്രന്റെ ആരോപണം.
സുരക്ഷ പരിഗണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരമൊരു ഗണ്‍മാനെ നിയോഗിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. അത്തരമൊരു നിര്‍ദ്ദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയം നല്‍കിയിട്ടില്ല. യുഎഇ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സുരക്ഷയൊരുക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അറ്റാഷയ്‌ക്കോ മറ്റോ ഒരു പേഴ്‌സണല്‍ ഗണ്‍മാനെ നല്‍കണമെന്ന് പറഞ്ഞിട്ടില്ല.
സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതന്‍മാരുടെ കാര്യങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിയമനം നടത്തിയിട്ടുള്ളത്. വിമാനത്താവളവുമായുള്ള ബന്ധം, ഇമിഗ്രേഷന്‍,കസ്റ്റംസ് എന്നിവരുമായുള്ള ഇയാളുടെ പരിചയം മനസ്സിലാക്കിയാണ് നിയമനമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മന്ത്രി കെ.ടി. ജലീലിനെതിരെയും സുരേന്ദ്രന്‍ രംഗത്തെത്തി. വര്‍ഗീയ കാര്‍ഡിറക്കി ജലീല്‍ രക്ഷപ്പെടാനുള്ള അവസാന ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. കോണ്‍സുലര്‍ ജനറലുമായി അദ്ദേഹം നടത്തിയ വാട്‌സാപ്പ് ചാറ്റും വിശ്വാസയോഗ്യമല്ല. സക്കാത്തിന്റെ പേര് പറഞ്ഞാണ് ജലീല്‍ ഇപ്പോള്‍ രക്ഷപ്പെടാന്‍ നോക്കുന്നത്. അതൊന്നും വിലപോവില്ല. വിശ്വാസികളടക്കം അതെല്ലാം തിരിച്ചറിയുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.