തിരുവനന്തപുരം : സി.പി.എമ്മിന്റെ ഉദകക്രിയ പിണറായി വിജയന്റെ കൈകൊണ്ടു തന്നെ പൂര്‍ത്തിയാകുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ പ്രധാനപ്പെട്ട രണ്ട് അക്കൗണ്ടുകള്‍ പൂട്ടിച്ചവരാണ് ഞങ്ങള്‍, ത്രിപുരയും പശ്ചിമ ബംഗാളും. പ്രധാനപ്പെട്ട രണ്ട് അക്കൗണ്ടുകള്‍ നിലവില്‍ ഞങ്ങള്‍ ക്ലോസ് ചെയ്തു കഴിഞ്ഞു. കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ തന്നെയാണ് ഞങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. കാലതാമസം എത്രയെടുക്കും എന്നതിനെ കുറിച്ച് മാത്രമേ സംശയമുള്ളൂ. കേരളത്തിലെ സി.പി.എമ്മിന്റെ അക്കൗണ്ട് പൂട്ടിക്കുക എന്നത് തന്നെയാണ് ബി.ജെ.പി. ലക്ഷ്യംവെക്കുന്നത്. പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിക്കാലത്തു തന്നെ പൂട്ടിപ്പോകുമെന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഒരു സംശയവും വേണ്ട. പിണറായിയുടെ കൈകൊണ്ടു തന്നെ ഇതിന്റെ ഉദകക്രിയയും പൂര്‍ത്തിയാകുമെന്നുള്ള കാര്യത്തില്‍ സംശയം വേണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തനിക്കും മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും സ്പീക്കര്‍ക്കും എതിരെ ഉയര്‍ന്നു വന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. അതിനു പകരം സംസ്ഥാനത്ത് യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ ധാരണയാണ്, നേമത്ത് ബിജെപിയുടെ അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യും എന്നൊക്കെയാണ് പറയുന്നത്. മതന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രി ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. മുഖ്യമന്ത്രി കാര്യം മനസ്സിലാക്കാതെയാണോ സംസാരിക്കുന്നത് അതല്ല ന്യൂനപക്ഷ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ വേണ്ടി എന്തും പറയാമെന്നാണോ എന്നും സുരേന്ദ്രന്‍ ആരാഞ്ഞു.
ഇ.ഡിക്കെതിരെ കേസ് എടുത്തും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ഉയര്‍ന്നുവന്ന ഗുരുതര ആരോപണങ്ങളില്‍നിന്ന് അദ്ദേഹത്തിന് ഒളിച്ചോടാന്‍ കഴിയില്ല. ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞേ മതിയാകൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വേണ്ടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി വര്‍ഗീയ കാര്‍ഡ് ഇറക്കുന്നത്. ഇടതുമുന്നണിയിലെ ഒരു പ്രധാനപ്പെട്ട ഘടകകക്ഷി ലവ് ജിഹാദിനെ കുറിച്ചുള്ള വളരെ വ്യക്തമായ ഒരു പരാമര്‍ശം നടത്തി. സംസ്ഥാനത്തെ ലവ് ജിഹാദിനെ കുറിച്ച് വിശദീകരണം വേണമെന്ന് ജോസ് കെ മാണി പറഞ്ഞു. അദ്ദേഹത്തിന്റെ വായ അടപ്പിച്ചു. ലവ് ജിഹാദിനെ കുറിച്ച് ശബ്ദിക്കാന്‍ തയ്യാറായ ജോസ് കെ. മാണിയെ മടിക്കുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തി അദ്ദേഹത്തെ കൊണ്ട് തിരുത്തിപ്പറയിച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.