കോഴിക്കോട്: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം അപഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ‘മുഖ്യമന്ത്രിയുടെ മകള്‍ വീണ ജോലി ചെയ്തതിനാണ് പ്രതിഫലം കൈപ്പറ്റിയതെന്നാണ് പറയുന്നത്. എന്താണ് കോടികള്‍ ലഭിക്കുന്ന ആ ജോലിയെന്ന് അറിയാന്‍ മലയാളികള്‍ക്ക് ആഗ്രഹമുണ്ട്. മകള്‍ക്ക് ബിസിനസ് ബന്ധമാണ് കരിമണല്‍ കമ്പനിയുമായി ഉള്ളതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്ത് ബിസിനസാണ് അതെന്ന് അദ്ദേഹം പറയണം’ -സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. വീണയുടെ എക്‌സാലോജിക്കുമായി സി.എം.ആര്‍.എല്ലിന് എന്ത് കരാറാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സി.എം.ആര്‍.എല്ലിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നിയമം അട്ടിമറിക്കാന്‍ ഉന്നതാധികാരയോഗം വിളിച്ചയാളാണ് ഈ മുഖ്യമന്ത്രി. മാസപ്പടിയില്‍ അതുകൊണ്ടാണോ തന്റെ പേരും വന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. 96 കോടി ഈ ഇനത്തില്‍ പലര്‍ക്കുമായി നല്‍കിയിട്ടുണ്ടെന്നാണ് കമ്പനി ആദായനികുതി വകുപ്പിനോട് പറഞ്ഞത്. സംസ്ഥാനത്ത് വ്യവസായ തടസം നീക്കാന്‍ വേണ്ടിയാണ് മാസപ്പടി നല്‍കിയതെന്ന കമ്പനിയുടെ നിലപാട് ആദായ നികുതി വകുപ്പിന്റെ രേഖയാണ്. ഇന്നത്തെ നിയമസഭയിലെ അദ്ദേഹത്തിന്റെ പ്രസംഗം ഇരുട്ട്‌കൊണ്ട് ഓട്ടയടയ്ക്കുന്നത് പോലെയാണ്. പ്രതിപക്ഷ നേതാക്കളും പണം വാങ്ങിയത് കൊണ്ടാണ് യു.ഡി.എഫ് സഭയില്‍ മൗനം അവലംബിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.