തിരുവനന്തപുരം : സൗജന്യ വാക്സിൻ പ്രഖ്യാപനത്തിന് വെട്ടിലായിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫിന് പുറമെ ബിജെപിയും രംഗത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയന്റേത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം തന്നെ മുഖ്യമന്ത്രിയുടെ സൗജന്യ വാക്‌സിന്‍ പ്രഖ്യാപനത്തെ എട്ടുകാലി മമ്മൂഞ്ഞിന്റെ പണിയാണെന്നും കെ.സുരേന്ദ്രന്‍ വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ ഇവിടെ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പറയുന്നതാണ് എട്ടുകാലി മമ്മൂഞ്ഞിന്റെ പണിയെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫും രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അടക്കം വോട്ട് ചെയ്യുന്ന കണ്ണൂരിൽ നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി നടത്തിയ ഈ സൗജന്യ വാക്സിൻ പ്രഖ്യാപനം ജനങ്ങളെ സ്വാധിനിക്കാനാണെന്ന് യുഡിഎഫ് ആരോപിച്ചു.