തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ കയറാന്‍ പാടില്ലെന്ന് പറയാന്‍ സെക്രട്ടേറിയറ്റ് മന്ത്രി ഇ.പി. ജയരാജന്റെ തറവാടല്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വപ്‌നയും സരിത്തും അടക്കമുള്ള കള്ളക്കടത്ത് സംഘങ്ങള്‍ സെക്രട്ടേറിയറ്റില്‍ കയറി നിരങ്ങിയപ്പോള്‍ ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. തന്ത്രപ്രധാനമായ സെക്രട്ടേറിയറ്റിന്റെ ഒരു ബ്ലോക്കില്‍ തീപിടിച്ചപ്പോള്‍ ഓടിയെത്തിയ പൊതുപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും നടത്തിയത് വന്‍കുറ്റമായി മാറുകയും ചെയ്തു. മാരാകായുധങ്ങളുമായി എത്തി ബി.ജെ.പി. പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്നാണ് പറയുന്ന്. എന്നാല്‍ അന്ന് എന്റെ കൂടെയുണ്ടായിരുന്നത് ബി.ജെ.പി. ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റും ഉള്‍പ്പെടുന്ന മാരകായുധമായിരുന്നുവെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മളനത്തില്‍ ചൂണ്ടിക്കാട്ടി.
ചീഫ് സെക്രട്ടറി എത്തുന്നതിന് മുന്നെ ഞങ്ങള്‍ എത്തിയെന്നാണ് മറ്റൊര് ആരോപണം. ആദ്ദേഹം വൈകിയതിന് ഞാന്‍ എന്ത് കുറ്റമാണ് ചെയ്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു. എന്‍.ഐ.എ അന്വേഷണത്തെ അട്ടിമറിക്കാനാണ് ശ്രമം നടന്നത്. ഫയലുകൾക്ക് തീവെച്ചതാണ്. അതുകൊണ്ട് ഇതില്‍ സമഗ്രമായ അന്വേഷണം കോടതിയുടെ നിരീക്ഷണത്തില്‍ വേണം. സര്‍ക്കാര്‍ വാദങ്ങള്‍ വിശ്വാസയോഗ്യമല്ല. കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷിക്കാനുള്ള അവസരം ഒരുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
തീപിടിത്തമുണ്ടായി മിനിറ്റുകള്‍ക്കുള്ളില്‍ അഡീഷണല്‍ സെക്രട്ടറി പറഞ്ഞത് കത്തിയ ഫയലുകള്‍ ഗസ്റ്റ് ഹൗസിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ടാണ് എന്നാന്ന്. എങ്ങനെയാണ് അദ്ദേഹത്തിന് ഇതിത്ര പെട്ടെന്ന് മനസ്സിലായത്. അട്ടിമറിയില്ലെന്ന് എങ്ങനെയാണ് അദ്ദേഹത്തിന് പറയാന്‍ കഴിയുക. അടഞ്ഞ് കിടന്ന ഓഫീസില്‍ എങ്ങനെയാണ് ആളുകള്‍ കയറുകയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
ഇതിനെല്ലാം പുറമെ കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ വിവാദമായ മറ്റൊരു ഉത്തരവുമായി വന്നിട്ടുണ്ട്. നിയമനവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ പി.എസ്.എസി ഉദ്യോഗാര്‍ഥികള്‍ ഒരു പ്രതിഷേധ സമരം നടത്തിയിരുന്നു. ഇതിനെതിരെ ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് പി.എസ്.സി. ഇത് പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാരും ബന്ധപ്പെട്ട ഏജന്‍സികളും പൗര സ്വാതന്ത്രത്തെ നിഷേധിക്കുകയാണ്. കേരളത്തെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പാക്കാണ് ശ്രമമെന്നും സുരേന്ദ്രന്‍ പറഞ്ഞു.