തിരുവനന്തപുരം : ഇന്ധന നികുതി കുറയ്ക്കാത്തതിന് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനങ്ങളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ കരിങ്കല്ലു പോലെ ഇരിക്കുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടുമ്പോള്‍ മോദിക്കെതിരെ സമരം ചെയ്തിരുന്നവരാണ് യഥാര്‍ത്ഥത്തില്‍ കൊള്ളക്കാരെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. നികുതി കുറയ്ക്കാത്ത പിണറായി സര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധ നിലപാടിനെതിരെ ബിജെപി സമരം ശക്തമാക്കും.കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഉണ്ടായതാണ്. സംസ്ഥാനമുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി പോലും കേന്ദ്രമാണ് പരിഹരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായ്പ്പാപരിധി കൂട്ടി, റവന്യൂകമ്മി നികത്തി, കൊവിഡ് ധന സഹായം നല്‍കി കേരളത്തെ താങ്ങിനിര്‍ത്തുന്നത് കേന്ദ്രമാണ്. കേന്ദ്ര വിരുദ്ധ പ്രസ്താവന കൊണ്ട് ഇനിയും കേരളത്തില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് സിപിഎം മനസിലാക്കണം. പ്രതിഷേധത്തെ തണുപ്പിച്ച് പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.