തിരുവനന്തപുരം: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരണപ്പെട്ടത് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തുകലശ്ശേരി മാടവന പറമ്പില്‍ ബിജുവിനെ ഈ മാസം 16-ാം തിയതി മുതല്‍ ആശുപത്രിയില്‍ നിന്ന് കാണാതാവുകയും മകനെ കാണുന്നില്ലെന്നുള്ള പരാതി മാതാവ് തിരുവല്ല പോലിസില്‍ നല്‍കിയിരുന്നതുമാണ്. എന്നാല്‍ പോലീസ് ക്യത്യമായി അന്വേഷിച്ചില്ല. തിരുവല്ല താലൂക്ക് ആശുപത്രിയുടെ ലിഫ്റ്റിനിടയില്‍ ബിജുവിന്റെ മൃതദേഹം വിവസ്ത്രമായി കാണപ്പെട്ടത് ദുരൂഹമാണ്- സുരേന്ദ്രന്‍ പറഞ്ഞു.
ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ മരണം സംഭവിച്ചത് ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും അനാസ്ഥ മൂലമാണെന്ന് വ്യക്തമാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു സുരക്ഷയുമില്ലെന്ന് തുടര്‍ച്ചയായ ഇത്തരം സംഭവങ്ങളില്‍ നിന്നും വ്യക്തമാവുകയാണ്. ആരോഗ്യമേഖലയില്‍ നിരുത്തരവാദപരമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. ബിജുവിന്റെ ദുരൂഹ മരണത്തെക്കുറിച്ച് നീതിയുക്തമായ അന്വേഷണം നടത്തിയില്ലെങ്കില്‍ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.