തിരുവനന്തപുരം: ദേശവിരുദ്ധ ശക്തികള്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രിക്കും ഇടതു സര്‍ക്കാരിനുമെതിരായ ജനങ്ങളുടെ പ്രതിഷേധം തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
തിരുവനന്തപുരം ജില്ലയിലെ ത്രിതല പഞ്ചായത്ത് -കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണ്ണക്കടത്ത് സംഘത്തിന് എല്ലാ സഹായവും ലഭിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് ഇഡി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞു. പാര്‍ട്ടി നിയമിച്ച അഡീഷണല്‍ സെക്രട്ടറി സി.എം രവീന്ദ്രനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും സ്വര്‍ണ്ണക്കടത്ത് കേസില്‍ ബന്ധമുണ്ടെങ്കില്‍ മുഖ്യമന്ത്രിക്കും ബന്ധമുണ്ടാകുമെന്നുറപ്പാണ്. സംസ്ഥാന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും എല്ലാ ഇടപാടുകളും രഹസ്യങ്ങളും ഇരുവര്‍ക്കും അറിയാം. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട് 4,000 കോടിയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. മലബാറില്‍ നോട്ട് നിരോധന സമയത്ത് ആയിരക്കണക്കിന് കോടിയുടെ ബിനാമി ഇടപാടുകള്‍ നടന്നു. ഇതെല്ലാം രവീന്ദ്രന് അറിയാവുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന് സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.
ജലീല്‍ അല്ലാതെ രണ്ട് മാന്ത്രിമാര്‍ സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്നിട്ടുണ്ട്. അല്‍പം ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന് മുമ്ബ് രാജിവെക്കണം. പ്രോട്ടോകോള്‍ ഓഫീസിന് തീവെച്ചും സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചും കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ബി.ജെ.പി പറഞ്ഞതെല്ലാം ശരിയാണെന്ന് അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് കോടതിയിലെത്തിയതോടെ എല്ലാവര്‍ക്കും ബോധ്യമായി. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.