കൊച്ചി: കെ.വിദ്യയ്‌ക്കെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്ന സംഘം മഹാരാജാസ് കോളജിലെത്തി. കേസ് അന്വേഷിക്കുന്ന നീലേശ്വരം പോലീസാണ് നടപടികളുടെ ഭാഗമായി കോളജിലെത്തിയത്. മഹാരാജാസ് കോളേജിന്റെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളും ശേഖരിച്ചു. വിദ്യക്കായി വിശദമായി അന്വേഷണം നടക്കുന്നുണ്ടെന്ന് നീലേശ്വരം സിഐ പ്രേംസദന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ അടക്കം അധികൃതരില്‍ നിന്നും പോലീസ് സംഘം വിവരങ്ങള്‍ തേടി.
അതേസമയം വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കരിന്തളം കോളേജില്‍ വ്യാജരേഖ ഹാജരാക്കി ജോലി നേടിയ കേസില്‍ വിദ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടില്ല. കേസിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ആണെന്നും ജാമ്യമില്ലാ വകുപ്പ് ബാധകമാകില്ലെന്നും കാണിച്ചാണു ഹർജി. തന്റെ കരിയറും സൽപ്പേരും തകർക്കാൻ ലക്ഷ്യമിട്ടുള്ള കേസാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.