തിരുവല്ല : കദളിമംഗലം പടയണിക്ക് ചൂട്ടുവെച്ചു. ശ്രീവല്ലഭക്ഷേത്രത്തിലെ ആറാട്ടുവിളക്കിൽനിന്ന് ദീപംതെളിച്ച് ഘോഷയാത്രയായി കദളിമംഗലത്ത് എത്തിച്ചാണ് ചൂട്ടുവെച്ചത്. തുകലശ്ശേരി മഹാദേവക്ഷേത്രം, ശ്രീരാമകൃഷ്ണാശ്രമം, കദളിമംഗലം സർപ്പക്കാവ് എന്നിവിടങ്ങളിലൂടെയാണ് ഘോഷയാത്ര കടന്നുപോയത്. ക്ഷേത്ര മേൽശാന്തി അരവിന്ദാക്ഷൻ നമ്പൂതിരി ദീപം ഏറ്റുവാങ്ങി ക്ഷേത്രത്തിന്റെ പുറത്തെ വിളക്കിൽ പ്രതിഷ്ഠിച്ചു. തുടർന്ന് ആദ്യം ഇരുവെള്ളിപ്പറ-തെങ്ങേലി കരയ്ക്കുവേണ്ടി കരയിലെ മുതിർന്ന പടയണി ആശാൻ വടശ്ശേരിൽ പരമേശ്വരൻപിള്ളയ്ക്കുവേണ്ടി മകൻ വടശ്ശേരിൽ രാധാകൃഷ്ണപിള്ള, ‘അക്കരെ കുറുപ്പേ ചൂട്ടുവെച്ചോട്ടെ’ എന്ന് മൂന്ന് ആവർത്തി ചോദിച്ചു. തുടർന്ന് കളത്തിൽ ചൂട്ട് വെച്ചു. വെൺപാല കരയ്ക്കുവേണ്ടി മുതിർന്ന ആശാൻ ശാന്താഭവനിൽ ഗോപാലകൃഷ്ണപിള്ള, ‘വാണല്ലൂർ കുറുപ്പേ ചൂട്ട് വെച്ചോട്ടെ’ എന്ന് മൂന്നുവട്ടം ചോദിച്ച് കളത്തിൽ ചൂട്ട് വെച്ചു. കരക്കാർ ഒത്തുചേർന്ന് മൂന്നുതവണ കൂകിവിളിച്ച് ക്ഷേത്രത്തിന് വലംവെച്ച് പിരിഞ്ഞു.
10 നാൾ ചൂട്ടുപടയണിയാണ്. 21-ന് ഇരുവെള്ളിപ്പറ-തെങ്ങേലി കരക്കാരുടെ എഴുതിത്തുള്ളൽ തുടങ്ങും. 22-ന് വെൺപാലക്കരയുടെ എഴുതിത്തുള്ളൽ ആരംഭിക്കും. 23, 25, 27, 29 തീയതികളിൽ യഥാക്രമം ചെറിയ ഇടപ്പടയണി, വലിയ ഇടപ്പടയണി, അടവി, നിർത്ത് പടയണി എന്നിവ ഇരുവെള്ളിപ്പറ-തെങ്ങേലിക്കരക്കാരുടെ വകയായി നടക്കും. ഇട ദിവസങ്ങളിൽ വെൺപാലക്കരയുടെ പടയണിയും ക്രമത്തിൽ നടക്കും. കാലയക്ഷി കനൽവാരിത്തുള്ളുന്ന പകൽപടയണി 30-നും 31-നും നടക്കും. മീനഭരണി ദിനമായ ഏപ്രിൽ ഒന്നിന് രാവിലെ അഖണ്ഡനാമജപം. 8.45-ന് വെൺപാല തൃക്കയിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽനിന്ന് നൂറ്റൊന്നുകലം എഴുന്നള്ളത്ത്. 10 മണിക്ക് കരക്കാരുടെ കൂടിത്തുള്ളൽ, ഒന്നിന് പിറന്നാൾസദ്യ, രാത്രി ഏഴിന് തിരുവാതിര, എട്ടിന് വിളക്കെഴുന്നള്ളത്ത്.