മലപ്പുറം : പൂര്‍ണഗര്‍ഭിണിയെയും ഏഴു വയസ്സുള്ള മകനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ വിധിക്കും 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാടാമ്പുഴ തുവ്വപ്പാറ സ്വദേശിനി വലിയപീടിയേക്കല്‍ ഉമ്മുസല്‍മ (28), മകന്‍ മുഹമ്മദ് ദില്‍ഷാദ് (7) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
ഉമ്മുസല്‍മയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഉമ്മുസല്‍മയുമായുള്ള അവിഹിത ബന്ധം പുറത്തറിയാതിരിക്കാന്‍ വെട്ടിച്ചിറ സ്വദേശി ചാലിയത്തൊടി ശരീഫ്(38) ആണ് കൊലപാതകം നടത്തിയത്.
കൊലപാതകത്തിനിടെ പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഉമ്മുസല്‍മ പ്രസവിക്കുകയും ശുശ്രൂഷ കിട്ടാതെ നവജാത ശിശു മരിക്കുകയും ചെയ്തു. പുഴുവരിച്ച നിലയില്‍ പഴക്കം ചെന്ന മൃതദേഹങ്ങള്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. ഐപിസി 302, 316, 449 എന്നീ വകുപ്പ് എന്നീ വകുപ്പുകള്‍ ആണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരുന്നത്. സാഹചര്യ തെളിവുകളും സൈബര്‍ തെളിവുകളും പരിശോധിച്ചാണ് കോടതി പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
നിര്‍മാണ ജോലികള്‍ കോണ്‍ട്രാക്‌ട് എടുത്ത് ചെയ്തിരുന്ന പ്രതി തൊഴിലാളികളുടെയും കടക്കാരുടെയും ഫോണില്‍ നിന്ന് ആയിരുന്നു ഉമ്മുസല്‍മയെ വിളിച്ചിരുന്നത്. വീടുപണിയ്ക്ക് വന്നപ്പോഴാണ് ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുകയായിരുന്ന ഉമ്മുസല്‍മയുമായി ഇയാള്‍ അടുപ്പത്തിലാവുന്നത്.
ഉമ്മുസല്‍മ ഗര്‍ഭിണിയാവുകയും പ്രസവശേഷം ശരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തതോടെ ഭാര്യയും മക്കളുമുള്ള ശരീഫ് തന്റെ അവിഹിതബന്ധം പുറത്തറിയാതിരിക്കാന്‍ കൊലപാതകം നടത്തുകയായിരുന്നു.
മാനഹാനി ഭയന്ന് ആണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു. ഉമ്മുസല്‍മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുന്നത് കണ്ടുകൊണ്ട് വീട്ടിലേക്ക് കയറിവന്ന മകന്‍ ദില്‍ഷാദിനെയും ഇതേരീതിയില്‍ കൊലപ്പെടുത്തുകയായിരുന്നു.