പത്തനംതിട്ട : ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് കുഴിവേലിക്കെതിരെ നടപടിയെടുത്തത് ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയതുകൊണ്ടാണെന്ന് കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അറിയിച്ചു. കോണ്‍ഗ്രസ് നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണ്.
കടമ്പനാട് പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് കുഴിവേലി വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്ന സമീപനം സ്വീകരിച്ചു. ക്രമവിരുദ്ധമായി ഇഷ്ടക്കാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി വാക്സിനേഷന്‍ നല്‍കി. വാര്‍ഡുതല ജാഗ്രതാ സമിതികളില്‍നിന്നും വിട്ടുനിന്നു. മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷമാണ് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്നും പ്രസിഡന്റ് അറിയിച്ചു.
വൈസ് പ്രസിഡന്റ്, മെംബര്‍ എന്നിവര്‍ക്കെതിരെ കൈയ്യേറ്റത്തിനു ശ്രമിച്ചതിന്റെ പേരില്‍ എച്ച് ഐയ്ക്കെതിരെ പോലീസില്‍ പരാതിയും നിലവിലുണ്ട്. മെമ്പര്‍ക്കെതിരെ ഇദ്ദേഹം വ്യാജപരാതി നല്‍കിയതോടെയാണ് നടപടിയെടുക്കാന്‍ കമ്മിറ്റി തീരുമാനിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു