കടമ്പനാട്: വാക്‌സിന്‍ വിതരണത്തില്‍ ക്രമക്കേട് ആരോപിച്ച് കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് സസ്‌പെന്റ് ചെയ്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനും എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ സുരേഷ് കുഴിവേലിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കടമ്പനാട് പഞ്ചായത്ത് ആഫീസിന് മുന്‍പില്‍ 16 ദിവസമായി നടത്തിവന്ന റിലേ സത്യാഗ്രഹ സമരം കോണ്‍ഗ്രസ് അവസാനിപ്പിച്ചു.
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇത് സംബന്ധിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് അറിയിച്ചു. ഒരു മാസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ തീരുമാനം എടുക്കണമെന്ന നിര്‍ദ്ദേശമാണ് ട്രൈബ്യൂണലില്‍ നിന്ന് ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് അധികാര ദുര്‍വിനിയോഗമാണ് നടത്തിയത്. ആരോഗ്യ വകുപ്പ് സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്യുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്. തീരുമാനം അനുകൂലമല്ലെങ്കില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധം ഉള്‍പ്പെടെ സമര പരിപാടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് ബാബു ജോര്‍ജ് പറഞ്ഞു.
സമരസമിതി കോ-ഓര്‍ഡിനേറ്റര്‍ എം.ആര്‍. ജയപ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തിന്റെ സമാപനം സമ്മേളനത്തില്‍ എം.ജി. കണ്ണന്‍, തോപ്പില്‍ ഗോപകുമാര്‍, പഴകുളം ശിവദാസന്‍, ജെ.എസ് അടൂര്‍, ഏഴംകുളം അജു, ബിജിലി ജോസഫ്, മണ്ണടി പരമേശ്വരന്‍, റജി മാമ്മന്‍, മണ്ണടി മോഹന്‍, ഷിബു ചിറക്കരോട്ട്, കോശി മാണി തുടങ്ങിയവര്‍ സംസാരിച്ചു.