കൊച്ചി: കടവന്ത്ര സെന്റ് ജോസഫ്സ് പള്ളിയില്‍ നടന്ന വിവാദ മിശ്രവിവാഹം അസാധുവാക്കി സീറോ മലബാര്‍ സഭ. മിശ്രവിവാഹം നടന്നതുമായി ബന്ധപ്പെട്ട വിവാദം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ട്രിബ്യൂണല്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ അന്വേഷണത്തിനു ശേഷമാണ് സഭാ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന ആരോപണം സീറോ മലബാര്‍ സഭ ശരിവെച്ചത്.
നവംബര്‍ ഒന്‍പതിനാണ് ഇരിങ്ങാലക്കുട അതിരൂപതയിലെ ഇടവകാംഗമായ യുവതിയും മുസ്ലീം യുവാവുമായുള്ള വിവാഹം പള്ളിയില്‍ നടന്നത്. കൊച്ചിയിലെ ആശുപത്രിയില്‍ ഒരുമിച്ചു ജോലിചെയ്യുന്ന ഡോക്ടര്‍മാരായ ഇരുവരും ഏതാനും മാസം മുന്‍പ് രജിസ്റ്റര്‍ വിവാഹം ചെയ്തശേഷം കടവന്ത്രയില്‍ താമസിച്ചു വരികയായിരുന്നു. പെണ്‍കുട്ടിയുടെ ആഗ്രഹപ്രകാരം പള്ളിയിലും ചടങ്ങുനടത്താന്‍ വീട്ടുകാര്‍ തയ്യാറാവുകയും കടവന്ത്ര സെന്റ് ജോസഫ്സ് പള്ളിയില്‍ വെച്ച് വിവാഹം നടത്തുകയും ചെയ്തു.
സത്‌ന രൂപതയുടെ മുന്‍ ബിഷക്ക് മാര്‍ മാത്യു വാണിയകിഴക്കേലാണ് വിവാഹം ആശീര്‍വദിച്ചത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് സംഭവം വിവാദമായതും അന്വേഷണം നടന്നതും. തുടര്‍ന്ന് കാനോന്‍ നിയമ പ്രകാരമുള്ള വിവാഹം അസാധുവാക്കുകയായിരുന്നു.
കാനോനിക നിയമങ്ങള്‍ അനുസരിച്ചു മുന്‍പോട്ടു പോകുകയാണെങ്കില്‍ മാത്രമേ ഇനി വിവാഹം സാധുവാക്കാന്‍ സാധിക്കുകയുള്ളൂയെന്നും നിലവില്‍ പള്ളിയില്‍ നിന്നും ഏതെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെങ്കില്‍ അത് അസാധുവാകുമെന്നും എപ്പിസ്‌കോപ്പല്‍ ട്രിബ്യൂണല്‍ അറിയിച്ചിട്ടുണ്ട്. കള്‍ട്ടിന്റെ അസമത്വം സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കപ്പെടാത്തത് സംബന്ധിച്ച് ബന്ധപ്പെട്ട അഥോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പെണ്‍കുട്ടിയുടെ പള്ളിയിലെ ഇടവക വികാരിയുടെയും വിവാഹം നടത്തിക്കൊടുത്ത കടവന്ത്രപള്ളി വികാരിയുടെയും അശ്രദ്ധ കണ്ടെത്തിയതായി ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സിനഡില്‍ ട്രിബ്യൂണല്‍ രൂപീകരിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഡിസ്പാരിറ്റി ഓഫ് കള്‍ട്ടിന് കീഴില്‍ വിവാഹം നടത്താന്‍ ആവശ്യമായ കാനോനിക്കല്‍ നിബന്ധനകള്‍ പാലിക്കാത്തതില്‍ രണ്ടു വികാരിമാര്‍ക്കും വീഴ്ച വന്നുവെന്നും കണ്ടെത്തി.
മെട്രോപൊളിറ്റന്‍ വികാരിമാര്‍ ആന്റണി കരിയിലിനേയും ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനേയും വിവാഹത്തിന്റെ അസാധുതയേക്കുറിച്ച് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. രണ്ട് ബിഷപ്പുമാര്‍ക്കും ഈ വിവാഹത്തെക്കുറിച്ച് അറിവില്ലായിരുന്നതിനാല്‍ അതത് ഇടവക വികാരിമാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കാന്‍ ട്രിബ്യൂണലില്‍ നിന്ന് കര്‍ശന ഉത്തരവ് നല്‍കി.
മിശ്രവിവാഹങ്ങള്‍ നടത്തുമ്പോള്‍ കത്തോലിക്ക വിശ്വാസിയുടെ മാതൃഇടവകയില്‍നിന്ന് രൂപത മെത്രാന്റെ അനുമതിവാങ്ങി വിവാഹം നടക്കുന്ന പള്ളിയിലേക്ക് കുറി നല്‍കണം. പെണ്‍കുട്ടിയുടെ ഇടവകയില്‍നിന്ന് നല്‍കിയ കുറിയില്‍ വിവാഹം ആശിര്‍വദിക്കുന്നതിനു തടസ്സമില്ലെന്നും സഭാനടപടികള്‍ അവിടെ പൂര്‍ത്തീകരിക്കുമല്ലോ എന്നുമാണ് ഉണ്ടായിരുന്നത്.
വധുവിന്റെ വികാരിയും മെത്രാനുംകൂടി തടസ്സങ്ങള്‍ നീക്കിയെന്നു കരുതിയതിനാലാണ് വിവാഹം നടത്തിക്കൊടുത്തതെന്നു കടവന്ത്ര വികാരി ഫാ. ബെന്നി മാരാംപറമ്പില്‍ മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിനു നല്‍കിയ വിശദീകരണക്കുറിപ്പില്‍ പറഞ്ഞിരുന്നത്. തടസ്സങ്ങള്‍ ഇല്ലാതാക്കാനുള്ള ചുമതല കത്തോലിക്ക വിശ്വാസിയായ പങ്കാളിയുടെ വികാരിക്കും രൂപത മെത്രാനുമാണെന്നും സിറോ മലബാര്‍ സഭ കാനോനിക നിയമം ഉദ്ധരിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സഭാവൃത്തങ്ങള്‍ക്കിടയില്‍ വിവാദമായതോടെ എറണാകുളം, ഇരിങ്ങാലക്കുട മെത്രാന്മാര്‍ പരസ്പരം സംസാരിച്ചു പെണ്‍കുട്ടിയെ കടവന്ത്ര ഇടവകയില്‍ച്ചേര്‍ത്ത് പുതിയ അപേക്ഷവാങ്ങി വിവാഹം സാധുവാക്കാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ ഈ സാഹചര്യത്തിലാണ് വിഷയം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ട്രിബ്യൂണല്‍ അന്വേഷിക്കാന്‍ തീരുമാനിക്കുന്നത്.
അതിനിടെ ഈ വിവാദത്തിന് പിന്നാലെ സിറോ മലബാര്‍ സഭയില്‍ വര്‍ദ്ധിച്ചുവരുന്ന മിശ്രവിവാഹങ്ങള്‍ തടയണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തുവന്നു. കത്തോലിക്കാ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുമെന്നും തങ്ങള്‍ക്ക് ഉണ്ടാകുന്ന കുട്ടികളെ ഇതേ വിശ്വാസത്തില്‍ വളര്‍ത്തുമെന്നും ഉറപ്പു നല്‍കിയാണ് ഇത്തരം വിവാഹങ്ങള്‍ പള്ളിയില്‍ വെച്ച് നടത്തുന്നത്.
എന്നാല്‍ സഭ നല്‍കുന്ന ഇത്തരം ആനുകൂല്യങ്ങള്‍ സമൂഹത്തിലെ ചില ഉന്നതര്‍ക്കുവേണ്ടിയാണെന്നും ഇത് യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നുവെന്നുമാണ് വിശ്വാസികള്‍ ആരോപണം ഉയര്‍ത്തിയത്.