മൂവാറ്റുപുഴ : വില്ലേജ് ഓഫിസിനു മുകളില്‍ കയറി വീട്ടമ്മ ഉള്‍പ്പെടെ ആത്മഹത്യ ഭീഷണി ഉയര്‍ത്തിയതോടെ 13 ദിവസം നീണ്ട കടവൂര്‍ പട്ടയ സമരം ഒരു മണിക്കൂറിനുള്ളില്‍ ഉദ്യോഗസ്ഥര്‍ ഒത്തുതീര്‍പ്പാക്കി. കടവൂര്‍ വില്ലേജില്‍ പട്ടയം ലഭിക്കാത്ത കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഇന്നലെ വില്ലേജ് ഓഫിസിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയത്. ആര്‍ഡിഒയും റവന്യു ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് എത്തി പട്ടയ പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു. 6 മാസത്തിനുള്ളില്‍ പട്ടയ വിതരണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതോടെയാണു സമരം അവസാനിച്ചത്.
മാവുംതൊട്ടിയില്‍ ഉള്ള അറുപതോളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാതെ വന്നതോടെയാണു കുടുംബങ്ങള്‍ കടവൂര്‍ വില്ലേജ് ഓഫിസിനു മുന്നില്‍ സമരം ആരംഭിച്ചത്. സമരത്തിന്റെ ആദ്യ ദിവസം തന്നെ റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. ഇതോടെ സമരം അനിശ്ചിതമായി നീണ്ടു. സമരത്തിന്റെ പതിമൂന്നാം ദിവസമായ ഇന്നലെ സമരസമിതി ശക്തമായ നടപടികളിലേക്കു നീങ്ങുകയായിരുന്നു. സമരസമിതി വില്ലേജ് ഓഫിസ് ഉപരോധിക്കുന്നതിനിടെ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ വീട്ടമ്മ ഉള്‍പ്പെടെ ചിലര്‍ ഓഫിസിന്റെ മേല്‍ക്കൂരയ്ക്കു മുകളില്‍ കയറി ആത്മഹത്യ ഭീഷണി ഉയര്‍ത്തുകയായിരുന്നു.
പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ഡിഒ പി.എന്‍ അനിയുടെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി. ആര്‍ഡിഒ, തഹസില്‍ദാര്‍ റേയ്ച്ചല്‍ കെ.വര്‍ഗീസ്, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി, വൈസ് പ്രസിഡന്റ് നിസാര്‍ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ സമര സമിതി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ 6 മാസത്തിനുള്ളില്‍ പട്ടയം വിതരണം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി. വനംവകുപ്പുമായി ബന്ധപ്പെട്ട ചില രേഖകളില്‍ വ്യക്തത വരുത്താനാണ് പട്ടയ വിതരണ വൈകുന്നതെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കാര്യം കളക്ടറെ അറിയിക്കുകയും വനംവകുപ്പില്‍ നിന്ന് അനുവാദം ലഭിക്കുന്നതിനു വേണ്ട രേഖകള്‍ ഉടനെ സമര്‍പ്പിക്കുകയും ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.