പത്തനംതിട്ട : ഭരണത്തിലേറി മാസങ്ങള്‍ കഴിയും മുന്‍പ് അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കൂത്തരങ്ങായി മാറിയിരിക്കുകയാണ് കടമ്ബനാട് പഞ്ചായത്ത്. വ്യക്തി സര്‍ക്കാര്‍ സ്‌കൂളിന്റെ ഗ്രൗണ്ട് കൈയേറി നിര്‍മ്മിച്ച ബാഡ്മിന്റണ്‍ കോര്‍ട്ടിന് വേണ്ടി ബില്‍ മാറി നല്‍കാനുള്ള നീക്കം, ചട്ട വിരുദ്ധമായി പുതിയ കുടുംബശ്രീ യൂണിറ്റുകള്‍ രൂപീകരിച്ചത്, 22 വയസുള്ള പഞ്ചായത്ത് പ്രസിഡന്റ് മാനദണ്ഡം ലംഘിച്ച് വാക്സിന്‍ സ്വീകരിച്ചത് തുടങ്ങി ഒന്നിന് പിറകേ ഒന്നായി ഈ പഞ്ചായത്തില്‍ വിവാദം കൊടുമ്പിരിക്കൊള്ളുകയാണ്.
മുതിര്‍ന്നവരായ നിരവധി മെമ്പര്‍മാര്‍ ഉണ്ടായിരുന്നിട്ടു പോലും വെറും 22 വയസ് മാത്രമുള്ള പ്രിയങ്ക പ്രതാപിനെ പ്രസിഡന്റ് കസേരയില്‍ അവരോധിച്ചതിന് ശേഷം സി.പി.എം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അഴിമതി ഭരണമാണ് ഇവിടെ നടക്കുന്നത്. ഏറ്റവുമൊടുവിലായി പുറത്തു വന്നിരിക്കുന്നത് കേരഗ്രാമം പദ്ധതിയിലെ അഴിമതിയാണ്. പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച് സര്‍ക്കാരിന്റെ ഗവേഷണ കേന്ദ്രത്തിലേക്ക് തെങ്ങിന്‍ തൈകള്‍ക്കായി നല്‍കിയ ഉത്തരവ് റദ്ദാക്കി സ്വകാര്യ ഏജന്‍സിക്ക് നല്‍കാനുള്ള നീക്കം തകൃതിയായി നടക്കുകയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും സി.പി.എം ഏരിയാ നേതാവ് തന്നെ.
പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് വികസന സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് കമ്മറ്റി രൂപീകരിച്ചത്. കടമ്പനാട് കൃഷി ഓഫീസര്‍ ആണ് നിര്‍വഹണ ഉദ്യോഗസ്ഥന്‍. 7200 തെങ്ങിന്‍ തൈകളാണ് പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് നല്‍കുക. ഇടനിലക്കാരെയും ഏജന്‍സികളെലും ഒഴിവാക്കി നേരിട്ട് തൈകള്‍ വാങ്ങണമെന്നും തീരുമാനം എടുത്തു. ഇതിനായി സര്‍ക്കാരിന്റെ കാസര്‍കോടുള്ള തെങ്ങ് ഗവേഷണ കേന്ദ്രത്തില്‍ നിന്ന് തൈകള്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചു.
തൈ ഒന്നിന് 250 രൂപയാകും. 190 രൂപ പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ നിന്ന് നല്‍കും. 60 രൂപ ഗുണഭോക്തൃ വിഹിതമാണ്. മൂന്നാം വര്‍ഷം കായ്ക്കുന്ന കുള്ളന്‍ ഇനമാണ് വാങ്ങാന്‍ തീരുമാനിച്ചത്. അല്‍പം സ്ഥലത്ത് ഇത് അധികം ഉയരത്തില്‍ അല്ലാതെ വളരുകയും മികച്ച കായ്ഫലം തരികയും ചെയ്യും. പഞ്ചായത്ത് കമ്മറ്റി പദ്ധതി അംഗീകരിച്ചതിനാല്‍ കൃഷി ഓഫീസര്‍ ആദ്യഘട്ടമായി 2000 തെകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. 18 ലക്ഷം ചെലവ് വരുന്ന പദ്ധതിക്ക് 13 ലക്ഷമാണ് പഞ്ചായത്ത് വകയിരുത്തിയത്. അഞ്ചു ലക്ഷം ഗുണഭോക്തൃ വിഹിതമായി ലഭ്യമാക്കും.
തൈകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതിന് പിന്നാലെയാണ് സി.പി.എമ്മിന്റെ ഇടപെടല്‍ ഉണ്ടായത്. സര്‍ക്കാര്‍ ഗവേഷണ കേന്ദ്രത്തിന് നല്‍കിയ ഓര്‍ഡര്‍ റദ്ദാക്കാന്‍ കൃഷി ഓഫീസര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തി. മണ്ണടി കേന്ദ്രീകരിച്ചുള്ള ഫാംകോസ് എന്ന സ്വകാര്യ ഏജന്‍സിക്ക് തൈ എത്തിക്കാന്‍ കരാര്‍ കൊടുക്കാനാണ് നീക്കം. അവര്‍ തൈ ഒന്നിന് 200 രൂപയ്ക്ക് നല്‍കുമത്രേ. പഞ്ചായത്ത് ഫണ്ടില്‍ ലാഭമുണ്ടാകുമെന്നാണ് ഇതിന് കാരണമായി പറയുന്നത്. ഫാംകോസ് സ്വന്തമായി തെങ്ങിന്‍ തൈ ഉല്‍പാദിപ്പിക്കുന്നില്ല.
വേറെ വാങ്ങി നല്‍കാനോ തേങ്ങ വാങ്ങി മുളപ്പിച്ചു നല്‍കാനോ ആണ് നീക്കം. സി.പി.എം ഉന്നത നേതാക്കള്‍ക്ക് പങ്കുള്ള ഏജന്‍സിയാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പദ്ധതിയില്‍ ഉദ്ദേശിച്ചത് കുള്ളന്‍ തെങ്ങിന്‍ തൈകളാണ്. ഫാം കോസ് നല്‍കുന്നത് ഏതു തരമാണെന്ന് പറഞ്ഞിട്ടില്ല. നേതാക്കള്‍ക്ക് വന്‍തുക കമ്മിഷന്‍ അടിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. സി.പി.എമ്മിന്റെ നേതാക്കളുടെ താല്‍പര്യം പഞ്ചായത്ത് പ്രസിഡന്റിലൂടെ അടിച്ചേല്‍പ്പിച്ച് കൊള്ള നടത്താനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.