കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദവുമായി ബന്ധപ്പെട്ട് പോലീസ് കെ.കെ ലതികയുടെ അടക്കം മൊഴിയെടുത്തത് ഹൈക്കോടതിയിൽ ഹർജി വരുമെന്നറിഞ്ഞ്. ആരോപണ വിധേയനായ യൂത്ത് ലീഗ് പ്രവർത്തകൻ്റെ ഹർജി വരുന്നത്തിന് തൊട്ടു മുമ്പേയാണ് മരവിച്ചിരുന്ന അന്വേഷണം പൊലീസ് പുനരാരംഭിച്ചത്. ഹർജി ഇന്ന് കോടതി പരിഗണിക്കും. തെരഞ്ഞെടുപ്പ് കൊടിക്കലാശ ദിവസമായ ഏപ്രിൽ 24 നാണ് വിവാദ കാഫിർ സ്ക്രീൻഷോട്ട് പ്രചരിക്കുന്നത്. പി കെ മുഹമ്മദ് കാസിം എന്ന യുത്ത് ലീഗ് പ്രവർത്തകൻ്റെ പേരിലായിരുന്നു പോസ്റ്റ്. തൻ്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നും അതിന് പിന്നിലുള്ളവരെ പിടി കൂടണമെന്നും അവശ്യപ്പെട്ട് അന്നു തന്നെ കാസിം വടകര പൊലീസിൽ പരാതി നൽകി.
ഈ പരാതി അവഗണിച്ച് സി.പി.എം പരാതി പരിഗണിച്ച് കാസിമിനെ പ്രതിചേർത്ത് കേസെടുത്ത പോലീസ് കാസിമിനെ ചോദ്യം ചെയ്തതു, മൊബൈലും പരിശോധിച്ചു. കാസിമിന്‍റേതല്ല പോസ്റ്റ് എന്ന തിരിച്ചറിഞ്ഞ പൊലീസ് പക്ഷെ ആരാണ് അതിന് പിന്നിലെന്ന അന്വേഷണത്തിലേക്ക് പോയില്ല. തുടർന്ന് എസ്.പിക്കും ഡി.ജി.പിക്കും പരാതി നൽകിയ കാസിം ഹൈക്കോടതിയിൽ ഹർജി നൽകാൻ നീക്കം ആരംഭിച്ചു. ഇതോടെയാണ് ഒരു മാസത്തിലധികമായി നിലച്ച അന്വേഷണം പൊലിസ് പുനരാരംഭിച്ചു. മുൻ എം.എല്‍.എ കെ.കെ ലതിക ഉൾപ്പെടെ ഏതാനം പേരുടെ മൊഴിയുംരേഖപ്പെടുത്തി. ഹൈക്കോടതിയിലെ ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടലാണ് പൊലീസ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇതിനിടെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ്റെ മകനെതിരെ ആരോപണവുമായി ആര്‍.എം.പി യുവജനവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.