ന്യൂഡൽഹി: ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കഗിസോ റബാദയെ ഐപിഎല്ലിനിടെ നാട്ടിലേക്കയച്ചത് കൊക്കെയ്ൻ ടെസ്റ്റിൽ പോസിറ്റീവായതിനാലാണെന്ന് പ്രമുഖ ദക്ഷിണാഫ്രിക്കൻ മാധ്യമം. ദക്ഷിണാഫ്രിക്കൻ ഫ്രാഞ്ചൈസി ട്വന്റി 20 ലീഗായ എസ്എ 20ക്കിടെ താരം കൊക്കെയ്ൻ ഉപയോഗിച്ചതായാണ് റിപ്പോർട്ട്. ഗുജറാത്ത് ടൈറ്റൻസ് ടീമംഗമായ റബാദ ഐപിഎല്ലിനിടെ പൊടുന്നതെ നാട്ടിലേക്ക് മടങ്ങിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ഇതെന്നായിരുന്നു നേരത്തെയുള്ള വിശദീകരണം. റബാദയുടെ ശരീരത്തിൽ നിന്നും കണ്ടെടുത്ത കൊക്കെയ്ൻ അംശം വളരെ ചെറുതായെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർക്ക് തെളിയിക്കാനായി.
ഇതോയെടാണ് താരം വലിയ വിലക്കിൽ നിന്നും രക്ഷപ്പെട്ടതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റബാദക്ക് നൽകിയ ചെറിയ വിലക്ക് തീർന്നതിനാൽ താരം തുടർന്ന് ഐപിഎൽ മത്സരങ്ങളിൽ കളത്തിലിറങ്ങും. ഈ സീസണിൽ വെറും രണ്ട് മത്സരങ്ങളിൽ മാത്രമാണ് റബാദ ഗുജറാത്തിനായി കളത്തിലിറങ്ങിയത്. നേരത്തേ തന്റെ പ്രവർത്തനങ്ങളിൽ റബാദ ക്ഷമ ചോദിച്ചിരുന്നു. എന്നാൽ റബാദയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവരങ്ങൾ സുതാര്യമല്ലെന്ന അഭിപ്രായപ്രകടനവുമായി മുൻ ഓസീസ് നായകൻ ടിം പെയ്ൻ രംഗത്തെത്തി.