പന്തളം : കൈപ്പട്ടൂർ- മാത്തൂർ പാലം യാഥാർഥ്യമാകുന്നു. വള്ളിക്കോട്- ചെന്നീർക്കര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 2016-ൽ പാതി വഴിയിൽ മുടങ്ങിയ പാലംപണി വീണ്ടും ആരംഭിക്കാനുള്ള പ്രാരംഭ നടപടി തുടങ്ങി. ഇതിനായി സംസ്ഥാന സർക്കാർ ഇൻവെസ്റ്റിഗേഷൻ ടെൻഡർ ക്ഷണിച്ചു. കൈപ്പട്ടൂർ പരുമലകുരിശ് കടവിൽനിന്ന് ചെന്നീർക്കര പഞ്ചായത്തിലെ വിലേനിക്കൽ കടവിലേക്കാണ് പാലം നിർമിക്കുന്നത്. കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാർ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നൽകിയ അപേക്ഷയെത്തുടർന്നാണ് നടപടി. പാലത്തിന്റെ ഇൻവെസ്റ്റിഗേഷനും മണ്ണ് പരിശോധനയ്ക്കുമായി 5.6 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ച് ടെൻഡർ നടപടി സ്വീകരിച്ചു.
ഏപ്രിൽ രണ്ടുവരെ ടെൻഡർ കരാർ സമർപ്പിക്കാം. പൊതുമരാമത്ത് വകുപ്പിന്റെ പാലം വിഭാഗത്തിലാണ് നിർമാണ നിർവഹണച്ചുമതല. 12 മീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്. റവന്യൂവകുപ്പിന്റെ കീഴിലുള്ള റിവർ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് 2016-ലാണ് അച്ചൻകോവിലാറ്റിൽ പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. 2.85 കോടി രൂപ ചെലവ് കണക്കാക്കിയാണ് നിർമാണം തുടങ്ങിയത്. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ആറുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ നാലുമാസംകൊണ്ട് ആറ്റിൽ മൂന്ന് സ്പാനുകളുടെ പണി കഴിഞ്ഞതോടെ നിർമാണം നിലച്ചു.