പത്തനംതിട്ട : പരമ്പരാഗത കയര്‍ വ്യവസായത്തിന് താങ്ങായി കയര്‍ വികസന വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കുന്ന കയര്‍ ഭൂവസ്ത്ര വിതാന പദ്ധതിയുടെ ഭാഗമായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. അബാന്‍ ആര്‍കേഡ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയം ഭരണ വകുപ്പും കയര്‍ വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന വികസന പദ്ധതിയാണ് കയര്‍ ഭൂവസ്ത്ര വിതാനം. പ്രകൃതിദത്ത നാരിലൂടെ നിര്‍മ്മിക്കുന്ന ഇവ ഉപയോഗിച്ച് തോട്, കുളങ്ങള്‍, നീര്‍ചാലുകള്‍, കൃഷിയിടങ്ങള്‍, പാടങ്ങള്‍ എന്നിവയുടെ വശങ്ങള്‍ സംരക്ഷിക്കും. റോഡ് നിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂവസ്ത്രം വിതാനിച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കും നേതൃത്വം വഹിച്ച ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ആദരവ് നല്‍കി.
ഗ്രാമ പഞ്ചായത്ത് തലത്തില്‍ ഏഴംകുളം ജില്ലയില്‍ ഒന്നാമതായി. പെരിങ്ങറ പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. ബ്ലോക്ക്തല പ്രവര്‍ത്തനങ്ങളില്‍ പറക്കോടാണ് ഒന്നാമത്. തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര സമയോചിത പദ്ധതി സാധ്യതകളും എന്ന വിഷയത്തില്‍ മഹാത്മാ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ജില്ലാ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി രാജേഷ് കുമാര്‍ ക്ലാസ് നയിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാ ദേവി, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പെരുന്നാട്, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് മോഹനന്‍, റോയ് ഫിലിപ്പ്, മിനി ജിജു ജോസഫ് , വി എസ് ആശ, കേരള കയര്‍ കോര്‍പറേഷന്‍ മാനേജര്‍ അരുണ്‍ ചന്ദ്രന്‍, കൊല്ലം ജില്ലാ കയര്‍ പ്രൊജക്റ്റ് ഓഫീസര്‍ ജി ഷാജി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.