കൊച്ചി : വൻ ഭൂരിപക്ഷത്തോടെ രണ്ടാമതും ഭരണത്തിലേറിയ സർക്കാരിൽ മുഖ്യമന്ത്രിയൊഴികെ ബാക്കി എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാണ്. അതുകൊണ്ട് ആവും പാര്‍ട്ടി ചാനലിന് സ്വന്തം എംഎല്‍എയെ തിരിച്ചറിയില്ല. നെന്മാറ എംഎല്‍എ കെ. ബാബുവിന് പകരം തൃപ്പൂണിത്തുറ എംഎല്‍എ കെ.ബാബുവിന്റെ ചിത്രവും വെച്ച് പാര്‍ട്ടി ചാനലായ കൈരളിയുടെ ഓണ്‍ലൈന്‍ പേജ്.
വാര്‍ത്ത ഇങ്ങനെ
കഴിഞ്ഞ ദിവസം നിയമസഭയില്‍ എത്താതിരുന്ന രണ്ട് എം എല്‍ എമാര്‍ ഇന്ന് സ്പീക്കര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ സമ്മേളനത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ മൂലം 3 എംഎല്‍എമാര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞില്ല. മന്ത്രി വി.അബ്ദുറഹ്മാന്‍, നെന്മാറ എംഎല്‍എ കെ. ബാബു എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. കൊവിഡ് ബാധിതനായി വിശ്രമത്തില്‍ കഴിയുന്ന എം.വിൻസെന്റ് എംഎല്‍എ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
അതേസമയം രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തും. കൊവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും വികസനത്തിലും ഊന്നിയായിരിക്കും നയപ്രഖ്യാപനം.
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഘട്ടത്തില്‍ നടക്കുന്ന നയപ്രഖ്യാപനത്തില്‍ കൂടുതല്‍ പ്രാധാന്യം ആരോഗ്യ മേഖലയ്ക്ക് തന്നെയായിരിക്കും. ദാരിദ്ര്യ നിര്‍മാര്‍ജനം, എല്ലാവര്‍ക്കും പാര്‍പ്പിടം, അതിവേഗ സില്‍വര്‍ ലൈന്‍ പാത, കെ ഫോണ്‍, സ്മാര്‍ട്ട് കിച്ചണ്‍ തുടങ്ങിയ കാര്യങ്ങളും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടും.