കാക്കനാട് : വാക്സിന് വിതരണത്തെ ചൊല്ലി തൃക്കാക്കരയില്‍ പോലീസും ജനപ്രതിനിധികളുമായി സംഘര്‍ഷം. കാക്കനാട് യൂത്ത് ഹോസ്റ്റലിലെ വാക്സിന് കേന്ദ്രത്തില്‍ വെച്ചാണ് നഗരസഭ കൗണ്‍സിലര്‍മാരും പോലീസുമായി സംഘര്‍ഷം ഉണ്ടായത്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായ റാഷിദ് ഉള്ളം പള്ളിയെ പോലീസ് മര്‍ദിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
വാക്സിന് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് യൂത്ത് ഹോസ്റ്റല്‍ പരിസരത്ത് ജനങ്ങള്‍ കൂട്ടം കൂടിയിരുന്നു. സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇവിടെയുണ്ടായിരുന്ന വനിത പോലീസ് ഉദ്യോഗസ്ഥ സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഇതിനെ തുടര്‍ന്ന് എസ്.ഐ ഷെമീറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. പിന്നീട് പോലീസും കൗണ്സിലര്മാരുമായുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് യൂത്ത് ഹോസ്റ്റലിലെ വസ്തുക്കള്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് റാഷിദുമായി എസ്.ഐ വാക്കേറ്റം നടത്തുകയും ഒടുവില്‍ പിടിച്ച് തള്ളുകയുമായിരുന്നെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
ഏഴ് വാര്‍ഡുകളിലെ 200 പേര്‍ക്ക് വാക്സിന് നല്‍കാമെന്നായിരുന്നു നഗരസഭക്ക് ലഭിച്ച വിവരം. ഇതനുസരിച്ച് വിവിധ വാര്‍ഡുകളില്‍ മുന്‍ഗണന ക്രമമനുസരിച്ച് ടോക്കണ്‍ നല്‍കിയിരുന്നു. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് മൂന്ന് വരെയായിരുന്നു വാര്‍ഡുകള്‍ തിരിച്ച് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ വാക്സിന് എത്താന്‍ താമസിച്ചതോടെ സ്ഥലത്തെത്തിയവരുടെ എണ്ണം വര്‍ധിക്കുകയായിരുന്നു.
200 ഡോസ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും 180 ഡോസ് മാത്രമാണ് എത്തിയത്. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ നടന്ന ചര്‍ച്ചയില്‍ ഒരു വാര്‍ഡിനെ ഒഴിവാക്കി ബാക്കിയുള്ളവയില്‍ 30 ഡോസ് വീതം നല്കാന് ധാരണയായി. സമൂഹ അകലം പാലിക്കുന്നതിനായി അഞ്ച് പേരെ വീതം വിളിക്കാനും തീരുമാനിച്ചു.
അതിനിടെയാണ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാരോപിച്ച് പോലീസ് എത്തിയത്. ഇനി കാര്യങ്ങള്‍ തങ്ങള്‍ നോക്കിക്കോളമെന്ന പോലീസ് വാദം നിരസിച്ച കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്ക് അറിയാമെന്ന് പറഞ്ഞ് പോലീസിനോട് മടങ്ങാന്‍ ആവശ്യപ്പെട്ടു. ഇത് വാക്കേറ്റത്തിന് കാരണമായി. അതേസമയം പുറത്തിറങ്ങിയ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായ റാഷിദ് ഉള്ളം പള്ളിയെ പോലീസ് തടഞ്ഞത് സംഘര്‍ഷത്തിലേക്ക് നയിച്ചു.
പോലീസും നാട്ടുകാരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിനിടെ എസ്.ഐ ഷെമീര്‍ റാഷിദിനെ രണ്ട് തവണ തള്ളിമാറ്റിയതായി നാട്ടുകാര്‍ പറഞ്ഞു. ഇത് ചോദ്യം ചെയ്ത നാട്ടുകാരോട് എസ്.ഐ അസഭ്യം പറഞ്ഞതായും പറയുന്നു. വാക്കേറ്റം രൂക്ഷമായതോടെ തൃക്കാക്കര എ.സി.പി, സി.ഐ എന്നിവരെത്തി എസ്.ഐയെ തിരിച്ചയച്ചാണ് പ്രശ്നം പരിഹരിച്ചത്.